ഉത്ര വധക്കേസ്; സൂരജിന്റെ അമ്മയേയും സഹോദരിയേയും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും

ഉത്ര വധക്കേസിൽ അറസ്റ്റിലായ സൂരജിന്റെ അമ്മയേയും സഹോദരിയേയും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ഇരുവർക്കും കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടോ എന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് പ്രധാനമായും പരിശോധിക്കുന്നത്. കേസിൽ അതിവേഗ വിചാരണയ്ക്കായി ഉത്രയുടെ കുടുംബവും കോടതിയെ സമീപിക്കും.
ഗാർഹികപീഡനം, തെളിവ് നശിപ്പിക്കൻ, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളാണ് സൂരജിന്റെ അച്ഛൻ സുരേന്ദ്രനും അമ്മ രേണുകയ്ക്കും സഹോദരി സൂര്യയ്ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ഇതിന്റെയൊക്കെ തെളിവുകൾ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് ലഭിച്ചതാണ്. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ സൂരജിന്റെ കുടുംബാംഗങ്ങൾക്ക് പങ്കുണ്ടെന്ന് ഉത്രയുടെ വീട്ടുകാർ ആദ്യം മുതൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് റിമാൻഡിലുള്ള ഇരുവരെയും കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
പുനലൂർ കോടതിയിൽ സമർപ്പിച്ച കുറ്റപത്ര പ്രകാരം ഉത്ര വധക്കേസിൽ സൂരജ് മാത്രമാണ് പ്രതി. സ്ത്രീധനം നഷ്ടമാക്കാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനായിരുന്നു സൂരജ് പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സൂരജിന് പാമ്പിനെ വിറ്റ പാമ്പ് പിടിത്തക്കാരൻ സുരേഷിനെ കോടതി മാപ്പ് സാക്ഷിയാക്കിയിരുന്നു. കേസിൽ സുരേഷിന് ജാമ്യം ലഭിച്ചെങ്കിലും വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് എടുത്ത ഒരു കേസിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ ജയിൽ മോചിതനായിട്ടില്ല. ഗാർഹിക പീഡനക്കേസിൽ നേരത്തെ അറസ്റ്റിലായ സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ ഹൈക്കോടതിയിൽ നിന്നു ജാമ്യം നേടിയിരുന്നു.
Story Highlights – uthra murder case; Sooraj’s mother and sister will be taken into custody by the probe team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here