നിയമസഭാ സമ്മേളനം: മന്ത്രി കെ.ടി ജലീലും വി എസ് അച്യുതാനന്ദനും പങ്കെടുക്കില്ല

പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മന്ത്രി കെ.ടി ജലീലും ഭരണപരിഷ്‌കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദനും പങ്കെടുക്കില്ല. അനാരോഗ്യത്തെ തുടർന്നാണ് വി എസ് പങ്കെടുക്കാത്തത്. കേരള കോൺഗ്രസ് നേതാവ് സി എഫ് തോമസും നിയമസഭയിലെത്തില്ല. ആന്റിജൻ പരിശോധനയ്ക്ക് ശേഷമാണ് എംഎൽഎമാരെ നിയമസഭയിലേക്ക് പ്രവേശിപ്പിക്കുന്നത്. താപനിലയും പരിശോധിക്കും. പ്രത്യേക അകലം പാലിച്ചായിരിക്കും എംഎൽഎമാർ ഇരിക്കുക.
ധനബിൽ പാസാക്കുകയാണ് ആദ്യ നടപടി. പത്തു മണിയോടെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് തുടങ്ങും. ഇതിന് പുറമേ രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കും. വിപ്പിനെച്ചൊല്ലിയുളള കേരള കോൺഗ്രസ് പി ജെ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങളുടെ ബലാബല പരീക്ഷണങ്ങൾക്കും ഇന്ന് സഭാതലം വേദിയാകും. എല്ലാ അർത്ഥത്തിലും സഭാചരിത്രത്തിൽ വേറിട്ടു നിൽക്കുന്ന സമ്മേളനത്തിനാകും കേരള നിയമസഭ ഇന്ന് സാക്ഷിയാവുക. കൊവിഡ് പശ്ചാത്തലത്തിൽ പ്രത്യേക ക്രമീകരണങ്ങളോടെയാണ് സഭ സമ്മേളിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here