ആൻഡേഴ്സണ് 600ആം ടെസ്റ്റ് വിക്കറ്റ്; നേട്ടം കുറിക്കുന്ന ആദ്യ പേസ് ബൗളർ

ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സണ് 600ആം ടെസ്റ്റ് വിക്കറ്റ്. പാകിസ്താനെതിരായ മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ, പാക് ക്യാപ്റ്റൻ അസ്‌ഹർ അലിയുടെ വിക്കറ്റ് വീഴ്ത്തിയാണ് അദ്ദേഹം ഈ നേട്ടം കുറിച്ചത്. ടെസ്റ്റിൽ 600 വിക്കറ്റ് വീഴ്ത്തുന്ന ആദ്യത്തെ പേസ് ബൗളറാണ് ആൻഡേഴ്സൺ.
Read Also : ‘എനിക്കുള്ളത് ഒന്നര ശ്വാസകോശം; കൂടെപ്പിറപ്പായി ആസ്ത്മയും ഇൻഹേലറും’; ചർച്ചയായി ബ്രോഡിന്റെ വെളിപ്പെടുത്തൽ
31 റൺസെടുത്ത അസ്‌ഹർ അലിയെ ഫസ്റ്റ് സ്ലിപ്പിൽ ജോ റൂട്ടിൻ്റെ കൈകളിൽ എത്തിച്ചാണ് ആൻഡേഴ്സൺ ചരിത്രത്തിലേക്ക് നടന്നടുത്തത്. 156 ടെസ്റ്റ് മത്സരങ്ങളിൽ ഇംഗ്ലണ്ടിനായി കളത്തിലിറങ്ങിയ ഈ 38കാരൻ 26.77 ശരാശരിയിലാണ് 600 വിക്കറ്റുകൾ തികച്ചത്. ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകൾ നേടിയവരുടെ പട്ടികയിൽ ശ്രീലങ്കൻ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരനാണ് ഒന്നാമത്. 800 വിക്കറ്റുകളാണ് മുരളീധരൻ സ്വന്തമാക്കിയത്. ഓസീസ് സ്പിന്നർ ഷെയിൻ വോൺ (708), ഇന്ത്യൻ സ്പിന്നർ അനിൽ കുംബ്ലെ (619) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്. പട്ടികയിൽ ആൻഡേഴ്സൺ നാലാമതാണ്.
Read Also : ബ്രോഡിന് 500ആം ടെസ്റ്റ് വിക്കറ്റ്; വിൻഡീസിന് ബാറ്റിംഗ് തകർച്ച
മത്സരത്തിൽ സമനിലക്കായി പാകിസ്താൻ പൊരുതുകയാണ്. സാക്ക് ക്രോളിയുടെ ഇരട്ടസെഞ്ചുറിയും ജോസ് ബട്‌ലറുടെ സെഞ്ചുറിയും കരുത്തായപ്പോൾ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് കുറിച്ചത് 8 വിക്കറ്റ് നഷ്ടത്തിൽ 583 റൺസ്. ക്രോളിയും (267) ബട്‌ലറും (152) ചേർന്ന് അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 359 റൺസ്. ഒന്നിലധികം റെക്കോർഡുകളാണ് ഈ കൂട്ടുകെട്ട് പഴങ്കഥയാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ ആദ്യ ഇന്നിംഗ്സിൽ 273ന് എല്ലാവരും പുറത്തായി. അസ്‌ഹർ അലി (141), മുഹമ്മദ് റിസ്‌വാൻ (53) എന്നിവർ മാത്രമാണ് പാകിസ്താനു വേണ്ടി തിളങ്ങിയത്. ആൻഡേഴ്സൺ ആദ്യ ഇന്നിംഗ്സിൽ 5 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഫോളോ ഓൺ വഴങ്ങിയ പാകിസ്താൻ ഇപ്പോഴും ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 189 റൺസ് പിന്നിലാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ പാക് പട മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് എടുത്തിട്ടുണ്ട്. ബാസർ അസം (15), ആസാദ് ഷഫീഖ് (8) എന്നിവരാണ് ക്രീസിൽ.
Story Highlights – james anderson completed 600 test wickets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here