Advertisement

തീപിടുത്തം: സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കള്‍

August 25, 2020
Google News 2 minutes Read
Secretariat fire

സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തില്‍ പ്രതിഷേധം കനക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തിപിടുത്തം സ്വര്‍ണകള്ളക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. തെളിവുകള്‍ നശിപ്പിക്കാന്‍ ആദ്യം സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചു. ഇപ്പോഴിതാ സെക്രട്ടേറിയറ്റിലെ ഫയലുകള്‍ തീവച്ച് നശിപ്പിച്ചു. എന്തുകൊണ്ടാണ് എംഎഎല്‍എമാരെ സെക്രട്ടേറിയറ്റിലേക്ക് പ്രവേശിപ്പിക്കാത്തത്. ഏത് വൃത്തികേടും നടത്താമെന്ന ധാരണയാണ് സര്‍ക്കാരിന്. എംഎല്‍എമാര്‍ക്ക് പോലും സെക്രട്ടേറിയറ്റിന് ഉള്ളില്‍ കടക്കാന്‍ കഴിയില്ലെന്നത് അനുവദിക്കാനാവില്ല. ജനപ്രതിനിധികളെ കടത്തിവിടാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘര്‍ഷം

Posted by 24 News on Tuesday, August 25, 2020

അതേസമയം, സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അറിയിച്ചു. വിഷയത്തില്‍ രാഷ്ട്രീയ ആരോപണങ്ങള്‍ ഉണ്ടായ സ്ഥിതിക്ക് നിഷ്പക്ഷ അന്വേഷണം നടത്തും. ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. സെക്രട്ടേറിയറ്റിനുള്ളില്‍ നിന്ന് മാധ്യമങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എത്തി പുറത്തിറക്കുകയും ചെയ്തു.

അതേസമയം, സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസിലുണ്ടായ തീപിടുത്തത്തില്‍ സുപ്രധാന ഫയലുകള്‍ നശിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രോട്ടോക്കോള്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ്. ഗസ്റ്റ്ഹൗസുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചതെന്നും പ്രോട്ടോക്കോള്‍ വിഭാഗം അറിയിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നും ഗസ്റ്റ്ഹൗസുകളിലെ റൂമുകള്‍ ബുക്ക് ചെയ്യുന്നതിന്റെ ഫയലുകളാണ് നശിച്ചത് മറ്റൊന്നും നശിച്ചിട്ടില്ലെന്നും അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എ രാജീവന്‍ ട്വന്റിഫോറിനോട് പറഞ്ഞു. സുപ്രധാനമായ ഒരു ഫയലും നശിച്ചില്ല. റൂം ബുക്കിംഗുമായി ബന്ധപ്പെട്ടുള്ള ഒരു റാക്കിലെ ഫയല്‍ മാത്രമാണ് നശിച്ചതെന്ന് അഡീഷണല്‍ സെക്രട്ടറി പി ഹണി ട്വന്റിഫോറിനോട് പറഞ്ഞു.

ഇന്ന് വൈകുന്നേരമാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസില്‍ തീപിടിച്ചത്. ഫയര്‍ഫോഴ്സ് സംഘം സ്ഥലത്ത് എത്തി തീ അണച്ചു. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

Story Highlights Secretariat fire, Opposition leaders protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here