സെക്രട്ടേറിയറ്റ് തീപിടിത്തം; ഉചിതമായ നടപടി സ്വീകരിക്കാൻ ഗവർണറുടെ നിർദേശം

സെക്രട്ടേറിയറ്റിലെ തീപിടിത്ത വിവാദത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാന്റെ നിർദേശം. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നൽകിയ കത്ത് അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി. അതിനിടെ, സെക്രട്ടേറിയറ്റിലെ പേപ്പർ ഫയലുകളെല്ലാം ഇ-ഫയലുകളാക്കി മാറ്റണമെന്ന് പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറി വകുപ്പ് മേധാവിമാർക്ക് നിർദേശം നൽകി.

സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിൽ തീപിടിത്തമുണ്ടായ ദിവസം തന്നെ പ്രതിപക്ഷ നേതാവ് ഗവർണറെ രാജ്ഭവനിലെത്തി സന്ദർശിച്ചിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കത്തും നൽകി. ഇതിന്റെ തുടർച്ചയായാണ് ഗവർണറുടെ ഇടപെടൽ. ഉചിതമായ നടപടി സ്വീകരിക്കണമെന്ന കുറിപ്പോടെയാണ് കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുന്നത്. പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണത്തിന്റെ വിശദാംശങ്ങളും സർക്കാരിന്റെ വിശദീകരണവും മുഖ്യമന്ത്രി ഗവർണർക്കു നൽകും. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ അവശേഷിക്കുന്ന പേപ്പർ ഫയലുകളെല്ലാം അടിയന്തരമായി ഇ ഫയൽ സംവിധാനത്തിലേക്ക് മാറ്റണമെന്നാണ് പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറി ഷൈൻ. എ.ഹഖ് നൽകിയിരിക്കുന്ന നിർദേശം.

Read Also :സെക്രട്ടേറിയറ്റ് തീപിടിത്തം; ഷോർട്ട് സർക്യൂട്ട് മൂലമെന്ന് ഫയർഫോഴ്‌സ്

സെക്രട്ടേറിയറ്റിലെ നാൽപതോളം വകുപ്പിലെ മേധാവിമാർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് പൂർണമായും ഇ ഫയൽ സംവിധാനത്തിലാണെന്ന സർക്കാരിന്റെ അവകാശവാദം ശരിയല്ലെന്ന് തെളിയിക്കുന്നതാണ് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ നിർദേശം.

Story Highlights secretariat fire, Governor Arif muhammad khan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top