റെഡ് ക്രെസന്റുമായി കരാര്‍ ഒപ്പിടുന്നതിന് കേന്ദ്രാനുമതി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

റെഡ് ക്രെസന്റുമായി കരാര്‍ ഒപ്പിടുന്നതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
റെഡ് ക്രസന്റുമായി കരാര്‍ ഒപ്പിട്ടതിന് കേന്ദ്ര അനുമതി ആവശ്യമില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെ ഇക്കാര്യം അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശസാമ്പത്തികസഹായം തേടിയതില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്ന് വിദേശകാര്യമന്ത്രാലയ സെക്രട്ടറി വികാസ് സ്വരൂപ് വ്യക്തമാക്കിയിരുന്നു. ഇത് അനുസരിച്ച് യുഎഇ റെഡ് ക്രെസന്റുമായി കരാര്‍ ഒപ്പിട്ടത് കേന്ദ്രത്തിന്റെ അനുമതി തേടാതെയാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചുവെന്നും വിദേശകാര്യ സെക്രട്ടറി പാര്‍ലമെന്ററി സമിതിയെ അറിയിച്ചിരുന്നു.

സര്‍ക്കാരാണ് റെഡ് ക്രെസന്റുമായി ധാരണാപത്രം ഒപ്പുവച്ചത്. സര്‍ക്കാര്‍ വിട്ടുനല്‍കുന്ന സ്ഥലത്ത് അവര്‍ ഭവന സമുച്ചയം പണിയും. അവര്‍ പ്രത്യേക ഏജന്‍സിയെ നിശ്ചയിച്ച് അവരുമായി കരാര്‍ ഉണ്ടാക്കിയെന്നകാര്യം മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അപ്രകാരം പണം ചെലവഴിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേകം റോളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് പൊതുവായ നിബന്ധനകളുണ്ട്. ഏത് തരത്തിലുള്ള കെട്ടിടമാണ് പണിയേണ്ടത് എന്നത് സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്. കെട്ടിടം പണിയുന്നതിന് പ്ലാന്‍ സമര്‍പ്പിച്ച് ലൈഫ് മിഷനില്‍ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇത്രയും കാര്യത്തിലെ സര്‍ക്കാരോ ലൈഫ് മിഷനോ ബന്ധപ്പെടേണ്ട കാര്യമുള്ളു. കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ളതാണ്. കൃത്യമായ വിവരം കിട്ടിയാലെ അന്വേഷണം നടത്താനാകൂ. വിവരങ്ങള്‍ ലഭിക്കട്ടെ, അതിനായി കാത്തിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights no approval required to sign agreement with Red Crescent; CM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top