ബിജെപിക്ക് വേണ്ടി കോൺസുലേറ്റിന്റെ സഹായം തേടി; ‘അനിൽ നമ്പ്യാരുമായി ഉറ്റ സൗഹൃദമെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി

ജനം ടിവി കോ ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരുമായി ഉറ്റ സൗഹൃദമെന്ന് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. അനിൽ നമ്പ്യാർക്ക് ഗൾഫിൽ പോകാനുള്ള തടസം നീക്കി നൽകിയത് സ്വപ്‌ന സുരേഷാണ്. ബിജെപിക്ക് വേണ്ടി യുഎഇ കോൺസുലേറ്റിന്റെ സഹായങ്ങൾ അനിൽ നമ്പ്യാർ അഭ്യർത്ഥിച്ചതായും സ്വപ്‌ന കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു.
അനിൽ നമ്പ്യാരുടെ പേരിൽ യു.എ.ഇയിൽ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നു. ഇതിനിടെയാണ് അറ്റ്‌ലസ് രാമചന്ദ്രന്റ അഭിമുഖത്തിനായി ദുബായ് സന്ദർശിക്കാൻ തീരുമാനിച്ചത്. അവിടെ സന്ദർശിച്ചാൽ അറസ്റ്റ് ഉണ്ടാകുമോ എന്ന് ഭയന്ന അനിൽ നമ്പ്യാർ യാത്രാനുമതി ലഭിക്കാൻ സരിത്തിനെ സമീപിച്ചു. സരിത്ത് തന്നെ വിളിക്കാൻ നിർദേശിച്ചു. അതനുസരിച്ച് അനിൽ നമ്പ്യാർ തന്നെ വിളിച്ചു. കോൺസലേറ്റ് ജനറൽ വഴി യാത്രാനുമതി നൽകി. അതിന് ശേഷം തങ്ങൾ നല്ല സുഹൃത്തുക്കളായി. 2018ൽ താജ് ഹോട്ടലിൽ അത്താഴ വിരുന്നിനായി അനിൽ നമ്പ്യാർ തന്നെ വിളിച്ചിരുന്നു. ഒരുമിച്ച് ഡ്രിങ്ക്‌സ് കഴിച്ചു. അന്ന് യു.എ.ഇ നിക്ഷേപങ്ങളെക്കുറിച്ച് നമ്പ്യാർ അന്വേഷിച്ചു. ബി.ജെ.പിക്കു വേണ്ടി കോൺസുലേറ്റിന്റെ സഹായങ്ങളും അനിൽ നമ്പ്യാർ അഭ്യർത്ഥിച്ചുവെന്നും സ്വപ്‌ന മൊഴി നൽകി.
ബന്ധുവിന്റെ ടൈൽ കട ഉദ്ഘാടനത്തിന് യു.എ.ഇ കോൺസുൽ ജനറലിനെ ഉദ്ഘാടനത്തിനായി കൊണ്ടുവരാൻ കഴിയുമോ എന്നും ആരാഞ്ഞു. താൻ അത് ഏറ്റു. അതിന് ശേഷം ടൈൽ കട ഉദ്ഘാടത്തിന് വീണ്ടും കണ്ടു. ഉദ്ഘാടനത്തിന് എത്തിയ കോൺസുൽ ജനറലിന് എന്ത് സമ്മാനം കൊടുക്കണം എന്ന് ചോദിച്ചു. ഇക്കാര്യം താൻ കോൺസൽ ജനറലിന്റെ ശ്രദ്ധയിൽപ്പെടുത്തി. മാക്ബുക്ക് സമ്മാനമായി നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു. കടയുടമ വഴി അത് സമ്മാനമായി നൽകി. ഇടക്ക് സൗഹൃദം പുതുക്കാനായി തന്നെ വിളിക്കാറുണ്ടെന്നും സ്വപ്‌ന വെളിപ്പെടുത്തി.
സ്വർണക്കടത്ത് സംബന്ധിച്ച വാർത്ത ചാനലുകളിൽ വന്നപ്പോൾ അത് നിർത്താൻ കോൺസുൽ ജനറൽ തന്റെ സഹായം അഭ്യർത്ഥിച്ചു. അഞ്ചാം തീയതി ഉച്ചയ്ക്ക് ഒളിവിൽ പോകാൻ തിരുവനന്തപുരത്തെ ഒരു അഭിഭാഷകൻ നിർദേശിച്ചു. അതിന് മുൻപ് അനിൽ നമ്പ്യാർ തന്നെ വിളിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത സ്വർണ്ണം അടങ്ങിയ ബാഗേജ് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്നും വ്യക്തിപരമായ ബാഗേജ് ആണെന്നും കോൺസുൽ ജനറലിനെക്കൊണ്ട് പ്രസ്താവന ഇറക്കാൻ അനിൽ നമ്പ്യാർ ആവശ്യപ്പെട്ടു. അനിൽ നമ്പ്യാരെ തിരിച്ചുവിളിച്ച് കോൺസുൽ ജനറലിന്റെ പേരിൽ ഒരു കത്ത് തയ്യാറാക്കി നൽകാൻ താൻ ആവശ്യപ്പെട്ടു. കത്ത് തയ്യാറാക്കി നൽകാം എന്ന് അനിൽ നമ്പ്യാർ അറിയിച്ചു. എന്നാൽ ആ സമയത്ത് താൻ സ്വയംരക്ഷയ്ക്കുള്ള ശ്രമത്തിലായിരുന്നതിനാൽ ഇക്കാര്യം തുടർന്ന് അന്വേഷിക്കാൻ കഴിഞ്ഞില്ലെന്നും സ്വപ്‌ന സുരേഷ് മൊഴി നൽകി.
Story Highlights – Swapna suresh, anil nambiar, gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here