റോക്ക ഹൈദരാബാദ് വിട്ടു; ഇനി ബാഴ്സലോണക്കൊപ്പം

ഐഎസ്എൽ ക്ലബ് ഹൈദരാബാദ് എഫ്സി പരിശീലകൻ ആൽബർട്ട് റോക്ക ബാഴ്സലോണ പരിശീലക സംഘത്തിനൊപ്പം ചേർന്നു. ഫിറ്റ്നസ് കോച്ചായാണ് റോക്ക സ്പാനിഷ് വമ്പന്മാർക്കൊപ്പം സേവനം അനുഷ്ടിക്കുക. പുതുതായി സ്ഥാനമേറ്റ റൊണാൾഡ് കോമാൻ റോക്കയെ ക്ലബിലേക്ക് ക്ഷണിച്ചിരുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെ ശരിവെച്ചു കൊണ്ട് റോക്ക ക്ലബിലെത്തിയെന്ന് ബാഴ്സലോണ തന്നെ ഔദ്യോഗികമായി അറിയിച്ചു. റോക്കയെ വിട്ടു നൽകിയതിന് ബാഴ്സലോണ ഹൈദരാബാദ് എഫ്സിക്ക് നന്ദി അറിയിച്ചിട്ടുണ്ട്.
Read Also : ഹൈദരാബാദ് പരിശീലകൻ ആൽബർട്ട് റോക്കയെ ബാഴ്സലോണ പരിശീലക സംഘത്തിലേക്ക് ക്ഷണിച്ച് കോമാൻ: റിപ്പോർട്ട്
മുൻപ് 2003 മുതൽ 2008 വരെ റോക്ക ബാഴ്സലോണ പരിശീലക സംഘത്തിൽ ഉണ്ടായിരുന്നു. ഫ്രാങ്ക് റൈക്കാർഡ് ആയിരുന്നു ആ സമയത്ത് ബാഴ്സലോണയുടെ പരിശീലകൻ. കഴിഞ്ഞ സീസണിൽ ഏറ്റവും അവസാനമായാണ് ഹൈദരാബാദ് ഫിനിഷ് ചെയ്തത്. ഇതേ തുടർന്നാണ് ബെംഗളൂരു എഫ്സിയുടെ മുൻ പരിശീലകൻ റോക്കയെ മാനേജ്മെൻ്റ് പരിശീലക സ്ഥാനത്ത് എത്തിക്കുന്നത്. മികച്ച റെക്കോർഡ് ഉള്ള റോക്ക ക്ലബിൻ്റെ പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് മാനേജ്മെൻ്റ് കരുതിയിരുന്നത്. 2022 വരെയാണ് ഹൈദരാബാദുമായി റോക്കയ്ക്ക് കരാർ ഉണ്ടായിരുന്നത്.
ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് രണ്ടിനെതിരെ എട്ടു ഗോളുകൾക്ക് പരാജയപ്പെട്ടതിനു പിന്നാലെയാണ് ബാഴ്സലോണയുടെ പരിശീലകനായി മുൻ ഹോളണ്ട് പരിശീലകൻ റൊണാൾഡ് കോമാൻ ചുമതലയേറ്റത്. ക്വിക്കെ സെറ്റിയനെ പുറത്താക്കിയാണ് മുൻ ബാഴ്സലോണ താരം കൂടിയായ കോമാനെ മാനേജ്മെൻ്റ് പരിശീലകനാക്കിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ബാഴ്സലോണ പരീക്ഷിക്കുന്ന മൂന്നാമത്തെ പരിശീലകനാണ് കോമാൻ.
Story Highlights – albert roca left hyderabad fc for barcelona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here