Advertisement

ചെറുപ്പക്കാരന്റെ ആത്മഹത്യയിൽ പ്രതികൾ മുഖ്യമന്ത്രിയും പിഎസ്‌സിയും: രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ

August 30, 2020
Google News 2 minutes Read

മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് ഇരയാണ് പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനാൽ ആത്മഹത്യ ചെയ്ത അനുവെന്ന് യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ ഷാഫി പറമ്പിൽ. സർക്കാരിന്റെ നിഷേധാത്മക സമീപനത്തിന്റെ പേരിൽ മാത്രമാണ് കഷ്ടപ്പെട്ട് പഠിച്ച് മെയിൻ ലിസ്റ്റിൽ 77ാമത് റാങ്ക് നേടിയ യുവാവിന് ജീവനൊടുക്കേണ്ടി വന്നതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

റാങ്ക് പട്ടികയിലേക്ക് ഈ ചെറുപ്പക്കാരൻ കുറുക്കുവഴിയിലൂടെയും പിൻവാതിലിലൂടെയും കടന്നുവന്നതല്ല. പഠിച്ച് പാസായി കഷ്ടപ്പെട്ട് അധ്വാനിച്ച് കടന്നുകയറിയതാണ്. മരണത്തിൽ ആദ്യ പ്രതി മുഖ്യമന്ത്രി പിണറായി വിജയനും രണ്ടാം പ്രതി പിഎസ്‌സി ചെയർമാനുമാണെന്ന് ഷാഫി പറമ്പിൽ. കേരളത്തിലെ മാധ്യമങ്ങളടക്കം റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് നിരന്തരം ആവശ്യപ്പെട്ടതാണ്. എന്നാൽ മുഖ്യമന്ത്രിയുടെ മറുപടി ധിക്കാരപരമായിരുന്നു. റാങ്ക് ലിസ്റ്റിന് കുറച്ചുകൂടി കാലാവധി നൽകിയിരുന്നെങ്കിൽ ആത്മഹത്യ ചെയ്ത അനു ഉൾപ്പടെയുള്ള നിരവധി ചെറുപ്പക്കാർക്ക് തൊഴിൽ ലഭിച്ചേനെയെന്നും ഷാഫി പറമ്പിൽ.

അനുവിന്റെ മരണത്തിനുത്തരവാദികൾ ബക്കറ്റിൽ തൊഴിൽ എടുത്തുവച്ചിട്ടില്ലെന്ന് പറഞ്ഞ് ചെറുപ്പക്കാരെ വെല്ലുവിളിച്ചും അധിക്ഷേപിച്ചും അവരെ ഒരു മുഴം കയറെടുക്കേണ്ടുന്ന സാഹചര്യം സൃഷ്ടിച്ച സർക്കാരും പിഎസ്‌സിയും തന്നെയാണെന്നും കേരളം മുഴുവൻ അതിശക്തമായ പ്രതിഷേധ സമരങ്ങളുമായി അനുവിന് നീതി തേടി യൂത്ത് കോൺഗ്രസ് ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ.

Read Also : പാലത്തായി കേസിൽ ബിജെപി- സിപിഐഎം ഒത്തുകളിയെന്ന് ഷാഫി പറമ്പിൽ

പിഎസ്‌സി റാങ്ക് ലിസ്റ്റുള്ളവർ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധിക്കുമ്പോൾ വിലക്കും വരുന്നു. കേരളം ഭരിക്കുന്നത് ഹിറ്റ്‌ലറാണോയെന്നും വിമർശിക്കാൻ പാടില്ലെന്ന് പറഞ്ഞ് മൂന്ന് ചെറുപ്പക്കാരെ ഇതിനകം വിലക്കിയെന്നും ഷാഫി പറമ്പിൽ.

ലിസ്റ്റ് നീട്ടിനൽകാൻ തയാറാകാത്തതിന്റെ പിന്നില്‍ കാരണമായി മറ്റൊരു ലിസ്റ്റ് തയാറായിട്ടുണ്ടെങ്കിൽ മനസിലാക്കാമായിരുന്നു. എന്നാൽ അങ്ങനെ ഒരു ലിസ്റ്റ് ഉണ്ടായില്ല. 400 ഓളം ഒഴിവുകൾ പോസ്റ്റിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. നാലോ അഞ്ചോ സ്ഥാനത്തിന് ജോലി നഷ്ടമായി മനസ് വേദനിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പാക്കാരെ ആശ്വസിപ്പിക്കുന്നതിന് പകരമായി ബക്കറ്റിൽ ജോലി എടുത്ത് വച്ചിട്ടുണ്ടോയെന്നായിരുന്നു പിഎസ്‌സി ചെയർമാന്റെ ചോദ്യം. സ്വപ്‌ന സുരേഷിന് ഏത് ബക്കറ്റിൽ നിന്നാണ് സർക്കാർ ജോലി എടുത്ത് നൽകിയതെന്ന് പറയണമെന്നും ഷാഫി പറമ്പിൽ.

Story Highlights shafi parambil, suicide, psc rank list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here