മിന്നൽ മുരളി ടീസർ എത്തി

ടൊവിനോ തോമസ് നായകനായി ബേസിൽ ജോസഫ് അണിയിച്ചൊരുക്കുന്ന മിന്നൽ മുരളിയുടെ ടീസർ റിലീസായി. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻ്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ടീസർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മിന്നൽ മുരളി എന്ന കഥാപാത്രത്തിൻ്റെ ഒരു ഇന്‌ട്രോ ആണ് ടീസർ നൽകുന്നത്.
Read Also : മിന്നൽ മുരളി ഒരുങ്ങുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
‘ഈ ഓണത്തിന് സിനിമ തീയേറ്ററിൽ ഇറക്കണം എന്നാണു കരുതിയത്. നടന്നില്ല.ഇപ്പൊ ടീസർ പുറത്തിറക്കുന്നു.പക്ഷെ ടീസർ ആണെങ്കിലും, സിനിമ ആദ്യ ദിവസം തീയേറ്ററിൽ നിങ്ങളുടെ മുന്പിലേക്കെത്തിക്കുന്ന അതേ ടെൻഷനും ആവേശവുമാണ് മനസ്സിൽ. സ്വീകരിക്കും എന്ന പ്രതീക്ഷയോടെ അവതരിപ്പിക്കുന്നു , ‘മിന്നൽ മുരളി’ ടീസർ.’- ടീസർ പങ്കുവച്ചു കൊണ്ട് സംവിധായകൻ ബേസിൽ ജോസഫ് തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കുറിച്ചു.
ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കുന്ന ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സോഫിയ പോൾ ആണ് നിർമ്മിക്കുന്നത്. ക്യാമറ സമീർ താഹിറും സംഗീത സംവിധാനം ഷാൻ റഹ്മാനും നിർവഹിക്കുന്നു. ജസ്റ്റിൻ മാത്യു, അരുൺ അരവിന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. സ്നേഹ ബാബു, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു സന്തോഷ് തുടങ്ങിയവരും ടൊവിനോയോടൊപ്പം ചിത്രത്തിൽ വേഷമിടും.
ആലുവ മണപ്പുറത്ത് ഒരുക്കിയിരുന്ന ചിത്രത്തിൻ്റെ സെറ്റ് ബജ്റംഗ്ദൾ പ്രവർത്തകർ തകർത്തത് വിവാദമായിരുന്നു. ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകർത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നിൽ ആണെന്നായിരുന്നു ഇവരുടെ ആരോപണം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights – Minnal Murali Teaser out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here