നഷ്ടപ്പെട്ടത് രാഷ്ട്രീയത്തെയും ഭരണചക്രത്തെയും ഒരുപോലെ നയിച്ച ശക്തികേന്ദ്രം: ഉമ്മന്‍ ചാണ്ടി

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ് നഷ്ടപ്പെട്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. സമാനതകളില്ലാത്ത, പകരക്കാരനില്ലാത്ത നേതാവാണ് പ്രണബ് മുഖര്‍ജി. അഞ്ചു പതിറ്റാണ്ട് കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കും സംരക്ഷണം തീര്‍ത്ത പ്രണാബ് മുഖര്‍ജിയുടെ വിടവാങ്ങല്‍ വലിയ ശൂന്യത സൃഷ്ടിച്ചുകൊണ്ടാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പ്രണാബ് ദാദാ എന്ന് പരിചയക്കാര്‍ വിളിക്കുന്ന അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തെയും ഭരണചക്രത്തെയും ഒരുപോലെ നയിച്ച കാലം ഉണ്ടായിരുന്നു. അസാമാന്യ പാണ്ഡിത്യവും ഓര്‍മശക്തിയുമെല്ലാം ചേരുംപടി ചേര്‍ന്ന ധിഷണാശാലിയായിരുന്നു അദ്ദേഹം. 1970ല്‍ പാറ്റ്നയില്‍ നടന്ന എഐസിസി യോഗത്തില്‍ വച്ചാണ് താന്‍ ദാദായെ ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് വയലാര്‍ രവി, പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി എന്നീ യൂത്ത് കോണ്‍ഗ്രസ് നേതാക്കളോടൊപ്പം അദ്ദേഹത്തെ കണ്ടിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന് കൂടുതല്‍ പരിഗണന നല്‍കണം എന്നതായിരുന്നു ആവശ്യം.

പശ്ചിമബംഗാള്‍ പിസിസി അധ്യക്ഷനായിരുന്നപ്പോള്‍ അവിടെ പോയി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. കേരളത്തില്‍ കെഎസ്യു പോലെ ശക്തമാണ് ബംഗാളിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ ഛത്രപരിഷത്ത്. അതേക്കുറിച്ച് അദ്ദേഹത്തോട് ദീര്‍ഘമായി സംസാരിച്ചിട്ടുണ്ട്. 2004ല്‍ എകെ ആന്റണി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ പകരക്കാരനെ കണ്ടെത്താന്‍ പ്രണാബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെയാണ് സോണിയാ ഗാന്ധി നിയോഗിച്ചത്. അവര്‍ ഇവിടെ വന്ന് എല്ലാ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് സോണിയ ഗാന്ധിയുടെ അനുമതിയോടെ തന്റെ പേരു പ്രഖ്യാപിച്ചതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിരവധി തവണ കേന്ദ്രധനമന്ത്രിയായിരുന്ന പ്രണാബ് മുഖര്‍ജിയെ കണ്ടിട്ടുണ്ട്. കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍, അദ്ദേഹത്തിന് കേരളത്തെക്കുറിച്ച് അഗാധമായ അറിവ് ഉള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ബംഗാളുകാരനായ അദ്ദേഹത്തിന് കേരളത്തോട് ഒരു പ്രത്യേക താത്പര്യവും ഉണ്ടായിരുന്നു. അദ്ദേഹം രാഷ്ട്രപതിയായിരുന്നപ്പോഴാണ് കോട്ടയം സിഎംഎസ് കോളജിന്റെ 200-ാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ പങ്കെടുത്തത്. താന്‍ അവിടത്തെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. ഏറെ അഭിമാനം തോന്നിയ മുഹൂര്‍ത്തമായിരുന്നു അത്. ഇന്ത്യയില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് ഈ വിദ്യാലയത്തിലായിരുന്നു എന്നു കേട്ട് രാഷ്ട്രപതി അമ്പരക്കുകയും ചെയ്തു. സര്‍ക്കാരോ, പാര്‍ട്ടിയോ ഒരു പ്രതിസന്ധിയെ നേരിടുമ്പോള്‍ നിയോഗിക്കുന്ന ഒരു തുറുപ്പുചീട്ടായിരുന്നു അദ്ദേഹം. ഇത്രയും വ്യക്തമായും ശക്തമായും കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ചുരുക്കംപേരെയെ താന്‍ കണ്ടിട്ടുള്ളുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Story Highlights Oommen Chandy condoles on Pranab Mukherjee’s death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top