മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു

Former President Pranab Mukherjee on underwent a brain surgery

മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനാല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ കൊവിഡ് ബാധിക്കുകയും ചെയ്തിരുന്നു. പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമായതായി ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രി അധികൃതര്‍ വൈകുന്നേരത്തോടെ അറിയിച്ചിരുന്നു. ശ്വാസകോശ അണുബാധ കൂടുതല്‍ വ്യാപിച്ചെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ അധികൃതര്‍ അറിയിച്ചിരുന്നു. വൈകിട്ട് 5.50 ഓടെയാണ് പ്രണബ് മുഖര്‍ജിയുടെ മരണ വാര്‍ത്ത പുറത്തുവന്നത്.

ഒരുകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ അതികായനായ പ്രണബ് മുഖര്‍ജി വിടവാങ്ങുമ്പോള്‍ 1970 മുതലുള്ള പാര്‍ട്ടിയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഏടാണ് ഇല്ലാതാകുന്നത്. എഴുപതിന്റെ തുടക്കം മുതല്‍ ഒന്നര പതിറ്റാണ്ട് ഇന്ദിരാ ഗാന്ധിയുടെ വലംകൈയ്യായിരുന്ന പ്രണബ് ഇന്ദിരയ്ക്ക് ശേഷം പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്നെങ്കിലും അങ്ങനെയുണ്ടായില്ല.

സ്വാതന്ത്ര്യസമരസേനാനിയും എഐസിസി അംഗവുമായിരുന്ന കമദ കിങ്കര്‍ മുഖര്‍ജിയുടെ മകനായി 1935 ഡിസംബര്‍ 11 നാണ് പ്രണബ് മുഖര്‍ജിയുടെ ജനനം. 1969ലെ തെരഞ്ഞെടുപ്പില്‍ പശ്ചിമ മിഡ്‌നാപുരില്‍ വി.കെ. കൃഷ്ണമേനോന്റെ തെരഞ്ഞെടുപ്പ് ഏജന്റായി പ്രവര്‍ത്തിച്ചുകൊണ്ടാണ് പ്രണബ് മുഖര്‍ജി സജീവ രാഷ്ട്രീയത്തിലെത്തുന്നത്. ആ തെരഞ്ഞെടുപ്പിലെ വന്‍ വിജയം പ്രണബിനെ ഇന്ദിരാ ഗാന്ധിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും സന്തത സഹചാരിയുമാക്കി.

1969ല്‍ രാജ്യസഭാംഗമായാണ് പാര്‍ലമെന്ററി രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. 1973ല്‍ കേന്ദ്ര വ്യവസായ സഹമന്ത്രിയായി. അടിയന്തരാവസ്ഥാ കാലത്ത് ഇന്ദിരാ ഗാന്ധിയുടെ പിന്നില്‍ ഉറച്ചുനിന്നു. 1982 മുതല്‍ 84 വരെയുള്ള കാലത്ത് ധനമന്ത്രിയായി. അക്കാലത്ത് മന്ത്രിസഭയിലെ പ്രമുഖന്‍ എന്നതിന് പുറമെ പാര്‍ട്ടിയുടെ രാഷ്ട്രീയ നയരൂപവത്കരണത്തിന്റെ കേന്ദ്രബിന്ദു കൂടിയായിരുന്നു പ്രണബ്. ഇന്ദിരാ ഗാന്ധിക്ക് ശേഷം പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയാകുമെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ പ്രതീക്ഷിച്ചിരുന്നകാലത്ത് സംഭവിച്ചത് മറിച്ചായിരുന്നു. അദ്ദേഹം കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് രാഷ്ട്രീയ സമാജ് വാദി കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി രൂപീകരിക്കുകയാണ് ചെയ്തത്. എന്നാല്‍ അധികം വൈകാതെ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായി. പിന്നീട് റാവു സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രി.

സോണിയാ ഗാന്ധിയെ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേയ്ക്ക് കൊണ്ടുവന്നതിന് പിന്നിലെ ബുദ്ധികേന്ദ്രം പ്രണബ് മുഖര്‍ജിയായിരുന്നു. 2004 മുതല്‍ 2012 വരെ വിവിധ യുപിഎ സര്‍ക്കാരുകളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പിന്നില്‍ രണ്ടാമന്‍. വിദേശ കാര്യം, പ്രതിരോധം, ധനകാര്യം തുടങ്ങി വിവിധ ഘട്ടങ്ങളില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത പ്രണബ് 2012ല്‍ ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു.

2008ല്‍ പ്തമവിഭൂഷണ്‍ നല്‍കിയും 2019ല്‍ ഭാരതരത്ന നല്‍കിയും രാജ്യം പ്രണബ് മുഖര്‍ജിയെ ആദരിച്ചു. ഭാര്യ സുവ്റ മുഖര്‍ജി 2015ല്‍ അന്തരിച്ചു. ശര്‍മിഷ്ഠ മുഖര്‍ജി, അഭിജിത്ത് മുഖര്‍ജി, ഇന്ദ്രജിത്ത് മുഖര്‍ജി എന്നിവരാണ് മക്കള്‍.

Story Highlights Pranab Mukherjee, former President of India dies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top