Advertisement

സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാരം മുടങ്ങുന്നു; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

September 2, 2020
Google News 2 minutes Read

കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാരം മുടങ്ങുന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 2015 – 16 സാമ്പത്തികവര്‍ഷം അടിസ്ഥാനമാക്കി അഞ്ചുവര്‍ഷത്തേക്ക് വിഹിതം നല്‍കുന്നതായിരിക്കുമെന്ന് ജിഎസ്ടി (കോമ്പന്‍സേഷന്‍ ആക്ട്) 2017 വഴി ഉറപ്പുനല്‍കിയിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ വിഹിതം മുടങ്ങിയിരിക്കുകയാണ്. ഇതുപ്രകാരം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കില്‍ കേരളത്തിന് 7000 കോടി കിട്ടാനുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈയിടെ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വച്ച്, ഈയിനത്തില്‍ വന്ന നഷ്ടത്തെ കൊവിഡ് മഹാമാരിയെന്ന ‘ദൈവിക നിയോഗ’മായി വേര്‍തിരിച്ചു കാണണമെന്ന് പറഞ്ഞത് ദുഖകരമാണ്. കൊവിഡിനെതിരെയുള്ള പോരാട്ടത്തെ മുന്നില്‍ നിന്ന് നയിക്കുന്ന സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ സാമ്പത്തികനഷ്ടത്തെ കേന്ദ്രം കാണണം. ജിഎസ്ടി നിലവില്‍ വരുന്നതിനായി സംസ്ഥാനങ്ങളുടെ സമ്മതിക്ക് ഉറപ്പുനല്‍കിയിരുന്നത് ഈ നഷ്ടപരിഹാരവിഹിതമാണെന്നും കത്തില്‍ ഓര്‍മിപ്പിച്ചു.

ഇതിനെ മറികടക്കാനായി കേന്ദ്രം കഴിഞ്ഞ മാസം ഓഗസ്റ്റ് 30 ന് മുന്നോട്ടു വച്ച രണ്ടിന കടമെടുക്കല്‍ നിര്‍ദ്ദേശം തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്, സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. പുതിയ നിര്‍ദ്ദേശ നടപടിക്രമങ്ങളുമായി കേന്ദ്രം മുന്നോട്ടുപോകരുതെന്നും പകരം നിലവിലുള്ള ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് നഷ്ടപരിഹാരത്തുക സംസ്ഥാനങ്ങള്‍ക്ക് ഉറപ്പുവരുത്തണമെന്നും കത്തിലൂടെ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

Story Highlights GST compensation CM sends letter to PM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here