അച്ഛൻ മരിച്ചപ്പോൾ അമ്മയെ വിളിച്ച് വാക്ക് കൊടുത്തു; അത് പാലിക്കാൻ മൂന്ന് സിനിമകൾ മാറ്റിവച്ച് എന്റെ സിനിമ ചെയ്തു: മമ്മൂട്ടിയെപ്പറ്റി മാർത്താണ്ഡൻ

തൻ്റെ ആദ്യ സിനിമയായ ‘ദൈവത്തിൻ്റെ സ്വന്തം ക്ലീറ്റസി’ൽ അഭിനയിക്കാൻ മമ്മൂട്ടി മൂന്ന് സിനിമകളെങ്കിലും മാറ്റി വച്ചിട്ടുണ്ടാവുമെന്ന് സംവിധായകൻ ജി മാർത്താണ്ഡൻ. അച്ഛൻ മരിച്ചപ്പോൾ മമ്മൂട്ടി തന്റെ അമ്മയെ വിളിച്ച് ആശ്വസിപ്പിച്ചു എന്നും തന്നെ സംവിധായകനാക്കാമെന്ന് അമ്മയ്ക്ക് കൊടുത്ത വാക്ക് അദ്ദേഹം പൂർത്തീകരിച്ചു എന്നും മാർത്താണ്ഡൻ പറഞ്ഞു. മമ്മൂട്ടിയുടെ അനുജനായ ഇബ്രാഹിംകുട്ടി നടത്തിയ അഭിമുഖത്തിലാണ് മാർത്താണ്ഡന്റെ തുറന്നു പറച്ചിൽ.
Read Also : ലോക്ക്ഡൗണിൽ വർക്കൗട്ട്; വീണ്ടും പ്രായം ‘കുറച്ച്’ മമ്മൂട്ടി
മാർത്താണ്ഡൻ്റെ വാക്കുകൾ:
‘ഞാൻ ഒരു ഡയറക്ടർ ആയി കാണാൻ ഏറ്റവും ആഗ്രഹിച്ചത് എന്റെ അച്ഛനായിരുന്നു. അച്ഛൻ പെട്ടെന്ന് മരിച്ചു. ഞാൻ അത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം രാവിലെ അച്ഛനോട് സംസാരിച്ചിട്ട് സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ സെറ്റിലേക്ക് വന്നതായിരുന്നു ഞാൻ. വീട്ടിലെത്തി ഏതാണ്ട് അടക്കിന്റ സമയത്ത് ഒരു ഫോൺ കാൾവന്നു. അത് മമ്മൂട്ടി സാർ ആയിരുന്നു. ‘ടാ മമ്മൂട്ടിയാടാ. ഞാൻ സ്ഥലത്തില്ല. വരാൻ പറ്റിയില്ല.’ ‘അത് കുഴപ്പമില്ല സാർ.’ ഞാൻ പറഞ്ഞു. ‘നീ ഫോൺ ഒന്നു അമ്മക്ക് കൊടുക്കുമോ’ എന്ന് സാർ ചോദിച്ചു. മമ്മൂട്ടി സാർ അമ്മയോട് പറഞ്ഞത്, ‘അമ്മേ വിഷമിക്കേണ്ട അവന്റെ കാര്യം ഞാനേറ്റു’ എന്നാണ്.
അങ്ങനെ ഞാൻ ഒരുദിവസം ഇമ്മാനുവൽ സിനിമയുടെ സെറ്റിൽ ചെന്നു. ബ്രേക്ക് സമയത്ത് ഒരു പത്തു മിനുട്ട് സംസാരിക്കാൻ സമയം കിട്ടി. എന്നിട്ട് എന്നോട് ചോദിച്ചു, ‘എന്തായെടാ?’ ‘ബെന്നി ചേട്ടൻ എഴുതികൊണ്ടിരിക്കുന്നു’ എന്ന് ഞാൻ മറുപടി പറഞ്ഞു. പിന്നെ ഞാൻ എന്റെ വിഷമം പറഞ്ഞു. ‘അച്ഛൻ പോയി. തൽക്കാലം ഞാൻ അസോസിയേറ്റ് പണി നിർത്തിവച്ചിരിക്കുകയാണ്. എന്ന് സിനിമ തുടങ്ങുമെന്നും എനിക്കറിയില്ല. അച്ഛൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നെ ഒരു ഡയറക്ടർ ആയി കാണാൻ. വല്ലാത്ത ഒരു മാനസികാവസ്ഥയിലാണ് സാറേ ഞാൻ’ എന്നും പറഞ്ഞു. അപ്പോൾ മമ്മൂട്ടി സാറിന്റെ കണ്ണിൽ ഞാൻ ആ ഫീൽ കണ്ടു. സാറിന് അത് ഫീൽ ചെയ്തു. പിന്നീട് ഏതാണ്ട് മൂന്നാം മാസം എന്റെ പടം നടന്നു. എനിക്ക് തോന്നുന്നത് രണ്ടോ മൂന്നോ പടം സാറ് എനിക്ക് വേണ്ടി മാറ്റിയിട്ടുണ്ട്. അങനെ സിനിമയൊക്ക കഴിഞ്ഞു ഒരു ഇന്റർവ്യൂവിൽ മമ്മൂട്ടി സാർ പറഞ്ഞു അവന്റെ അച്ഛൻ ഇതൊക്കെ സ്വർഗത്തിലിരുന്ന് കാണുന്നുണ്ടാകുമെന്ന്.’
Story Highlights – g marthandan about mammootty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here