കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; കൂടുതല്‍ മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകള്‍ ആരംഭിച്ചു

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് മുന്നില്‍ കണ്ട് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിവരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കൊവിഡ് അനുബന്ധ മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ പരിശോധനയ്ക്കും ലാബ് പരിശോധനയ്ക്കും സൗകര്യമുള്ള 14 അത്യാധുനിക മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകളുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. ഒന്‍പത് മാസത്തേയ്ക്ക് 2.75 കോടി രൂപയാണ് ഇതിന് ചെലവ് വരുന്നത്.

സംസ്ഥാനത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാരണം കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നില്ല. മരണ നിരക്കും വളരെയധികം കുറയ്ക്കാനായി. കൊവിഡ് പ്രതിരോധത്തിന് നേരത്തെ 27 മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകള്‍ അനുവദിച്ചതിന് പുറകേയാണ് പുതിയ 14 മെഡിക്കല്‍ യൂണിറ്റുകള്‍ അനുവദിച്ചിരിക്കുന്നത്. ഓരോ ജില്ലയ്ക്ക് ഓരോന്ന് എന്ന കണക്കിലാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് കാലത്ത് ഏറെ സഹായകരമാണ് ഈ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍. ക്വാറന്റൈനിലുള്ളവരുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ ഈ യൂണിറ്റുകള്‍ വഴി നിര്‍വഹിക്കാനാകുന്നു. ടെലി മെഡിസിന്‍ ലിങ്കുമായി ബന്ധിപ്പിച്ച് അണുബാധ നിയന്ത്രണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് യൂണിറ്റ് പ്രവര്‍ത്തിക്കുക. സാമ്പിള്‍ ശേഖരണം, സാധാരണ രോഗങ്ങള്‍ക്കും വിട്ടുമാറാത്ത രോഗങ്ങള്‍ക്കുമുള്ള പ്രധിരോധ സേവനങ്ങള്‍, പ്രഥമശുശ്രൂഷ, റഫറല്‍ സേവനങ്ങള്‍, കുടുംബാസൂത്രണ സേവനങ്ങള്‍, പ്രസവത്തിന് മുമ്പും ശേഷവുമുള്ള പരിചരണം, രോഗപ്രതിരോധം, ദേശീയ ആരോഗ്യ പദ്ധതി നടപ്പാക്കല്‍, ആരോഗ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, പതിവ് ലാബ് പരിശോധന, വിട്ടുമാറാത്ത എല്ലാ രോഗങ്ങളുടെയും രോഗനിര്‍ണയം, പതിവ് ചികിത്സ, ഏതെങ്കിലും അടിയന്തിര രോഗിയെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുക തുടങ്ങിയവ ലക്ഷ്യമാക്കിയാണ് യൂണിറ്റ് പ്രവര്‍ത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പിന് വേണ്ടി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷഷന്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Story Highlights mobile medical surveillance units

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top