കണ്ണൂരിൽ യുവതി കുഞ്ഞിന് വിഷം നൽകി ആത്മഹത്യ ചെയ്ത സംഭവം; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

കണ്ണൂർ പയ്യാവൂരിൽ മക്കൾക്ക് ഐസ്‌ക്രീമിൽ വിഷം കലർത്തി നൽകിയ ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ ബ്ലേഡ് മാഫിയയുടെ സമ്മർദ്ദമെന്ന് സൂചന. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഡിവൈഎസ്പി ടിപി പ്രേമരാജനാണ് അന്വേഷണ ചുമതല.

ഇക്കഴിഞ്ഞ 27-ാം തിയതി രാത്രിയാണ് കണ്ണൂർ പയ്യാവൂർ സ്വദേശിനിയായ സ്വപ്‌ന രണ്ട് പെൺമക്കൾക്ക് ഐസ്‌ക്രീമിൽ വിഷം കലർത്തി നൽകിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 30-ാം തിയതി രണ്ടര വയസുള്ള ഇളയകുട്ടി അൻസിലയും ഇന്നലെ സ്വപ്‌നയും മരണത്തിന് കീഴടങ്ങിയിരുന്നു.

ഒന്നരകോടി രൂപയുടെ ബാധ്യതയുള്ളതായി മരിക്കുന്നതിന് മുൻപ് സ്വപ്‌ന പൊലീസിന് മൊഴി നൽകിയിരുന്നു. ഇതു സംബന്ധിച്ച രേഖകളും പൊലീസ് കണ്ടെത്തിയിരുന്നു.
അതേസമയം, സ്വപ്‌നയുടെയും കുട്ടിയുടെയും മരണത്തിൽ ബ്ലേഡ് മാഫിയയ്ക്ക് പങ്കുണ്ടെന്നും സ്വപ്‌നയുടെ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ദിവസം ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ട ഒരാൾ വീട്ടിലെത്തി സ്വപ്നയെ ഭീഷണിപ്പെടുത്തിയതായും നാട്ടുകാർ ആരോപിക്കുന്നു.

Story Highlights – Woman commits suicide by poisoning baby in Kannur; The case is being investigated by the Crime Branch

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top