കേരളാ കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗം നാളെ

ജോസ് കെ മാണി വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം ലഭിച്ചതിന് ശേഷമുള്ള ആദ്യ കേരളാ കോൺഗ്രസ് എം സ്റ്റീയറിംഗ് കമ്മിറ്റി യോഗം നാളെ കോട്ടയത്ത് ചേരും. രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ശേഷം കൂറുമാറ്റം നടത്തിയ ജനപ്രതിനിധികൾക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ യോഗം ചർച്ച ചെയ്യും. മുന്നണി പ്രവേശനം സംബന്ധിച്ച പ്രാഥമിക ചർച്ചകളും, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച കൂടിയാലോചനകളും യോഗത്തിൽ ഉണ്ടായേക്കും.

Read Also : ഇനി കേരളാ കോൺഗ്രസ് എം മാത്രം; രണ്ടില ചിഹ്നത്തിൽ ജയിച്ചവർ പാർട്ടിയിൽ തിരിച്ചെത്തണമെന്ന് ജോസ് കെ മാണിയുടെ ആഹ്വാനം

പാർട്ടി മേൽവിലാസവും രണ്ടില ചിഹ്നവും ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് നാളത്തെ യോഗം. ഔദ്യോഗിക പക്ഷം എന്ന അംഗീകരം ലഭിച്ചതോടെ കൂറുമാറ്റം നടത്തിയവർക്കെതിരായ അച്ചടക്ക നടപടിയാണ് പ്രധാന അജൻഡ. ജില്ലാ കമ്മറ്റികൾ യോഗം ചേർന്ന് അയോഗ്യരാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. ജോസഫ് പക്ഷത്ത് നിന്ന് മടങ്ങി വരാൻ തയാറാകാത്ത തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് നോട്ടിസ് അയക്കാനുള്ള തീരുമാനത്തിന് സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകും.

തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കിനിൽക്കെ തദ്ദേശ സ്ഥാപനങ്ങളിൽ അവിശ്വാസ വോട്ടെടുപ്പിന് സാധ്യതയില്ല. എന്നാൽ ജോസഫ് ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കാൻ ചിലയിടങ്ങളിൽ നേരിട്ട് അവിശ്വാസ നീക്കം നടത്താൻ പദ്ധതിയിടുകയാണ് ജോസ് കെ മാണി പക്ഷം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള ചർച്ചകളും യോഗത്തിൽ നടക്കും. കുട്ടനാട് തെരഞ്ഞെടുപ്പ് സംബന്ധിച്ച അഭിപ്രായ രൂപീകരണവും പരിഗണനയിലുണ്ട്. നാളത്തെ സ്റ്റീയറിംഗ് കമ്മറ്റി യോഗം കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി പി.ജെ ജോസഫ് തൊടുപുഴ കോടതിയിൽ ഹർജി നൽകിയിരുന്നു. ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്യും.

Story Highlights kerala congress m, jose k mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top