സർക്കാർ വകുപ്പുകളിലെ കരാർ, താത്കാലിക നിയമനങ്ങളുടേയും ആശ്രിത നിയമനങ്ങളുടേയും കണക്കെടുക്കാൻ തീരുമാനം

എല്ലാ സർക്കാർ വകുപ്പുകളിലും നടത്തിയ കരാർ, താത്കാലിക നിയമനങ്ങളുടേയും ആശ്രിത നിയമനങ്ങളുടേയും കണക്കെടുക്കാൻ തീരുമാനം. ഇടതു സർക്കാർ അധികാരമേറ്റ ശേഷം നടത്തിയ ആശ്രിത നിയമനങ്ങളുടേയും കഴിഞ്ഞ ഒൻപത് വർഷത്തെ കരാർ, താത്കാലിക നിയമനങ്ങളുടേയുമാണ് കണക്കെടുക്കുന്നത്. ഇതിനായി എല്ലാ വകുപ്പുമേധാവികൾക്കും ധനകാര്യ പരിശോധനാ വിഭാഗം കത്ത് നൽകി. താത്കാലിക, കരാർ നിയമനങ്ങളെക്കുറിച്ച് വിവാദം ഉയർന്നതിന് പിന്നാലെയാണ് നീക്കം.

പിഎസ്‌സി വഴിയുള്ള നിയമനങ്ങളെക്കുറിച്ച് സർക്കാരിനെതിരെ ഗുരുതരമായ ആരോപണം ഉയർന്നിരുന്നു. താത്കാലിക, കരാർ, ദിവസവേതന നിയമനങ്ങളാണ് നടത്തുന്നതെന്നും ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്നുമായിരുന്നു ആരോപണം. ഇതിലൂടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് നിയമനം ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷവും ബിജെപിയും ആരോപിച്ചിരുന്നു. പിന്നാലെയാണ് താത്കാലിക, ആശ്രിത നിയമനങ്ങളുടെ കണക്കെടുക്കാൻ സർക്കാർ തീരുമാനിച്ചത്.

Read Also : പിഎസ്‌സി നിയമന വിവാദത്തിൽ വിശദീകരണവുമായി എംവി ജയരാജൻ

സർക്കാർ അധികാരമേറ്റ ശേഷം 2016 ജൂൺ ഒന്ന് മുതൽ 2020 ഓഗസ്റ്റ് 11 വരെ വിവിധ വകുപ്പുകളിൽ നടത്തിയ ആശ്രിത നിയമനങ്ങൾ അറിയിക്കാനാണ് ഓരോ വകുപ്പിനും നൽകിയ നിർദേശം. 2016 ജൂൺ ഒന്നിന് മുമ്പ് അപേക്ഷ നൽകിയവർ, ഇതിനുശേഷം അപേക്ഷ നൽകിയവർ, 2016 ജൂൺ ഒന്നിന് മുൻപ് നിയമനം ലഭിച്ചവർ, ഇതിനു ശേഷം നിയമനം ലഭിച്ചവർ എന്നിങ്ങനെ റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

ഇതോടൊപ്പം 2011-12 സാമ്പത്തിക വർഷം മുതൽ ഇതുവരെ ഓരോ വകുപ്പിലും നടത്തിയ താത്കാലിക നിയമനങ്ങളുടെ കണക്കും നൽകണം. കരാർ, ദിവസ വേതനം ഉൾപ്പെടെയുള്ളവരുടെ എണ്ണമാണ് നൽകേണ്ടത്. യുഡിഎഫ് സർക്കാരായിരുന്നു 2011 മുതൽ 2016 മേയ് വരെ അധികാരത്തിൽ ഉണ്ടായിരുന്നത്. ഓരോ വർഷവും നടത്തിയ നിയമനങ്ങൾ എത്രയെന്ന് വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളത്.

Story Highlights government placements will be listed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top