പന്തിൽ ഹാൻഡ് സാനിറ്റൈസർ പുരട്ടി; ഇംഗ്ലണ്ട് പേസർക്ക് വിലക്ക്

പന്തിൽ ഹാൻഡ് സാനിറ്റൈസർ പുരട്ടിയ ഇംഗ്ലണ്ട് പേസർക്ക് വിലക്ക്. ഇംഗ്ലീഷ് കൗണ്ടി ടീമായ സസെക്സിനു വേണ്ടി കളിക്കുന്ന മിച്ച് ക്ലെയ്ഡനെയാണ് ക്ലബ് വിലക്കിയത്. 37കാരനായ ക്ലെയ്ഡൻ ഓസ്ട്രേലിയയിലാണ് ജനിച്ചതെങ്കിലും ബ്രിട്ടിഷ് പൗരത്വമുള്ള താരമാണ്. താരം കളിച്ചിട്ടുള്ളത് ഇംഗ്ലണ്ട് ആഭ്യന്തര ടീമുകൾക്ക് വേണ്ടിയാണ്.
കഴിഞ്ഞ മാസം നടന്ന ബോബ് വില്ലിസ് ട്രോഫിയിലാണ് ക്ലെയ്ഡൻ പന്തിൽ സാനിറ്റൈസർ പുരട്ടിയത്. മിഡിൽസെക്സിനെതിരായി നടന്ന മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിലായിരുന്നു സംഭവം. ഇന്നിങ്സിൽ ക്ലെയ്ഡൻ മൂന്നു വിക്കറ്റ് വീഴ്ത്തിയിരുന്നു. താരത്തെ സസ്പൻഡ് ചെയ്തെന്നും ഇനി സസെക്സിനു വേണ്ടി അദ്ദേഹം കളിക്കില്ലെന്നും ക്ലബ് അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ സസെക്‌സ് തയ്യാറായില്ല.
112 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും, 110 ലിസ്റ്റ് എ മത്സരങ്ങളും, 147 ടി-20യും കളിച്ച താരമാണ് മിച്ച് ക്ലെയ്ഡൻ. 310 ഫസ്റ്റ് ക്ലാസ് വിക്കറ്റ് വീഴ്ത്തിയ ക്ലെയ്ഡൻ 11 തവണ അഞ്ച് വിക്കറ്റ് നേട്ടവും 9 തവണ 10 വിക്കറ്റ് നേട്ടവും കൈവരിച്ചു. ലിസ്റ്റ് എയിൽ 138 വിക്കറ്റുകളും ടി-20യിൽ 159 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. യോർക്‌ഷെയർ, ഡുർഹം, കെൻ്റ്, കാൻ്റെർബറി തുടങ്ങിയ ക്ലബുകൾക്ക് വേണ്ടിയും ക്ലെയ്ഡൻ കളിച്ചിട്ടുണ്ട്.
Story Highlights – England pacer suspended after applying hand sanitizer to ball
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here