Advertisement

ചരിത്രവിധി; കേശവാനന്ദ ഭാരതി കേസ്

September 6, 2020
Google News 1 minute Read

ഭരണഘടനയെ സുപ്രിംകോടതി രക്ഷിച്ച സുപ്രധാനക്കേസ്. കേശവാനന്ദ ഭാരതി കേസിലൂടെ ഭരണഘടനയുടെ അടിസ്ഥാനഘടനയെ ഉയർത്തിപിടിക്കുകയായിരുന്നു രാജ്യത്തെ പരമോന്നത കോടതി. ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ തിളങ്ങി നിൽക്കുകയാണ് ഇന്നും കേശവാനന്ദ ഭാരതി കേസ് വിധി.

ഒരു സ്വത്തുക്കേസ് രാജ്യത്തിന്റെ ഭരണഘടനയെ രക്ഷിക്കാൻ നിമിത്തമായി എന്നതാണ് കേശവാനന്ദ ഭാരതി കേസിനെ വേറിട്ട് നിർത്തുന്നത്. ഗോലക്‌നാഥ്, ബാങ്ക് ദേശസാൽക്കരണം, പ്രിവി പഴ്‌സ് തുടങ്ങി സുപ്രധാനക്കേസുകളിലെ സുപ്രിംകോടതി വിധി മറികടക്കാൻ ഇന്ദിര സർക്കാർ പാർലമെന്റിൽ ഭേദഗതി കൊണ്ടുവന്നു. ജുഡീഷ്യറിയുമായി ഇന്ദിര ഗാന്ധി നിരന്തരം കലഹിക്കുന്ന കാലഘട്ടം. ഇതിനിടെയാണ് മഠത്തിന്റെ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ കേശവാനന്ദ ഭാരതി സുപ്രിംകോടതിയെ സമീപിക്കുന്നത്. രാജ്യത്തെ എണ്ണം പറഞ്ഞ അഭിഭാഷകരിൽ ഒരാളായ നാനി പൽക്കിവാലയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേസിന്റെ ഗതി മാറുന്നത്. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങളും, അടിസ്ഥാന സ്വഭാവം മാറ്റാനുള്ള നീക്കങ്ങൾ സംബന്ധിച്ച ആശങ്കകളും ഉന്നയിക്കാനുള്ള അവസരമായി കേസ് മാറി. പതിമൂന്നംഗ ബെഞ്ച് രൂപീകരിക്കപ്പെട്ടു.

1972 ഒക്ടോബർ 31 മുതൽ 1973 മാർച്ച് ഇരുപത്തിമൂന്ന് വരെയുള്ള കോടതിനടപടികൾ. 68 ദിവസമാണ് കോടതി വാദം കേട്ടത്. 1973 മാർച്ച് 24ന് രാജ്യത്തിന്റെ ഭാവി നിർണയിച്ച ചരിത്രവിധി. ഭരണഘടനയെ സുപ്രിംകോടതി ഉയർത്തിപ്പിടിച്ചു. പാർലമെന്റിന് ഭരണഘടനാ ഭേദഗതിക്ക് അധികാരമുണ്ടെങ്കിലും, അതൊരിക്കലും അടിസ്ഥാന സ്വഭാവങ്ങളെ മാറ്റികൊണ്ടാകരുതെന്ന് 13ൽ ഏഴ് ജഡ്ജിമാർ ഭൂരിപക്ഷ വിധിയെഴുതി. ഏതു ഭരണഘടനാ ഭേദഗതിയുടെയും സാധുത പരിശോധിക്കാൻ സുപ്രിംകോടതിക്കുള്ള അധികാരവും കോടതി അരക്കിട്ടുറപ്പിച്ചു. ഭരണഘടനാ മൂല്യങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്ന വേളയിൽ എല്ലാം രാജ്യത്തിന് ആശ്രയവും അഭയവുമാണ് കേശവാനന്ദ ഭാരതി കേസ്.

Story Highlights – Historical verdict; Keshavananda Bharathi case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here