ആധാറിനും, വോട്ടേഴ്‌സ് ഐഡിക്കും പിന്നാലെ ഹെൽത്ത് ഐഡിയും; എന്താണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച ഹെൽത്ത് ഐഡി ? [24 Explainer]

what is health ID India

നമ്മുടെയെല്ലാം പക്കൽ നിരവധി രേഖകളുണ്ട്…ആധാർ കാർഡ്, പാൻ കാർഡ്, വോട്ടേഴ്‌സ് ഐഡി…അക്കൂട്ടത്തിലേക്ക് ഇതാ ഹെൽത്ത് ഐഡിയും വരികയാണ്. സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും ഹെൽത്ത് ഐഡി എന്ന പുതിയ ആശയത്തെ കുറിച്ച് പറയുന്നത്. എന്നാൽ എന്താണ് ഈ ഹെൽത്ത് ഐഡി ?

പുതിയ ഡിജിറ്റൽ ഹെൽത്ത് മിഷന്റെ ഭാഗമായാണ് ഹെൽത്ത് ഐഡി വരുന്നത്. ആധാറിന് സമാനമായ ഒരു കാർഡ് ആയിരിക്കും ഹെൽത്ത് ഐഡി. പേര്, മൊബൈൽ നമ്പർ തുടങ്ങി ഒരു വ്യക്തിയുടെ അടിസ്ഥാന വിവരങ്ങൾ ശേഖരിച്ചുകൊണ്ടാണ് ഹെൽത്ത് ഐഡി ഉണ്ടാക്കുക. മറ്റ് ഹെൽത്ത് റെക്കോർഡുകളും ഈ കാർഡുമായി ലിങ്ക് ചെയ്യാം. ഈ ഐഡിയിൽ വ്യക്തിയുടെ മെഡിക്കൽ റെക്കോർഡുകൾ, ഡോക്ടറുമായി കൂടിക്കാഴ്ച നടത്തിയ വിവരങ്ങൾ, അസുഖ വിവരങ്ങൾ, ചികിത്സ, ഉപയോഗിച്ച മരുന്നുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കും.

യൂണീക്ക് ഐഡി

രാജ്യത്തെ എല്ലാ പൗരന്മാരുടേയും ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ ഒരു യൂണീക്ക് ഐഡി ഉപയോഗിച്ച് കണ്ടെത്തുന്ന സംവിധാനമാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ആശുപത്രികൾ, ലബോറട്ടറികൾ, ഇൻഷുറൻസ് കമ്പനികൾ, ഓൺലൈൻ ഫാർമസികൾ, ടെലിമെഡിസിൻ സ്ഥാപനങ്ങൾ എന്നിവയും ഏകോപിപ്പിച്ചുകൊണ്ട് ഒരു ദേശിയ ആരോഗ്യ രജിസ്റ്റർ ഉണ്ടാക്കുന്നതാണ് പദ്ധതി.

ഹെൽത്ത് ഐഡി പ്രാബല്യത്തിൽ വരുന്നതോടെ ഡോക്ടറുമായുള്ള അപ്പോയിൻമെന്റ് മുതൽ ചികിത്സയ്ക്ക് വരെ ഈ ഐഡി ആവശ്യമായി വരും. സർക്കാരിന്റെ ചികിത്സാ സഹായ പദ്ധതികൾക്കും ഈ ഐഡി ആവശ്യമായി വന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഈ റിപ്പോർട്ട് ആർക്കൊക്കെ ലഭിക്കും ?

രോഗിയുടെ ചികിത്സാ റിപ്പോർട്ടിന്റെ ഒരു കോപ്പി ഡോക്ടറുടെ ഫയലിലും, ഒന്ന് ആ വ്യക്തിയുടെ തന്നെ ഡിജിറ്റൽ ലോക്കറിലുമായിരിക്കും സൂക്ഷിക്കുക. ഈ ഡിജിറ്റൽ ലോക്കറിന്റെ അവകാശം സർക്കാരിനോ, സാങ്കേതിക സഹായം നൽകുന്ന കമ്പനിക്കോ ആയിരിക്കും.

ഒരു വ്യക്തിയുടെ ആരോഗ്യ വിവരങ്ങൾ സ്വകാര്യ സ്വഭാവമുള്ളതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ഒരു തുറന്ന പ്ലാറ്റ്‌ഫോമിൽ ഡിജിറ്റലൈസ് ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകുമോ ?

ഹെൽത്ത് ഐഡിയുടെ ദൂഷ്യവശങ്ങൾ

സ്വകാര്യത തന്നെയാണ് പ്രധാന വിഷയം. ഹെൽത്ത് ഐഡി പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ ഒരു വ്യക്തിയുടെ ആരോഗ്യ വിവരങ്ങളെല്ലാം സർക്കാരിന് ലഭ്യമാകും. ഇവ കൈകാര്യം ചെയ്യുന്നതിൽ പാളിച്ചകൾ സംഭവിച്ചാൽ മറ്റ് സ്വകാര്യ വ്യക്തികൾക്ക് ഈ ഡേറ്റകൾ ലഭിക്കാനും, അവ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്.

മാത്രമല്ല, വ്യക്തികളിൽ നിന്ന് ആരോഗ്യ വിവരങ്ങൾ ശേഖരിക്കുമ്പോൾ അവയ്ക്ക് അനുമതി തേടേണ്ടതുണ്ട്. എല്ലാവരിൽ നിന്നും ഇത്തരത്തിൽ അനുമതി വാങ്ങുന്ന പ്രക്രിയ വളരെ പ്രയാസമായിരിക്കും. മാത്രമല്ല, മരിച്ച വ്യക്തികളെ കുറിച്ചുള്ള വിവരം ശേഖരിക്കുന്നുണ്ടെങ്കിൽ അത് സംബന്ധിച്ചും അവ്യക്തതകൾ നിലനിൽക്കും.

ഹെൽത്ത് റെക്കോർഡുകൾ ഉണ്ടാക്കുക എന്നത് വളരെ ചെലവേറിയ പ്രക്രിയയാണ്. ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വീണ്ടും ആഘാതം കൂട്ടും.

വ്യക്തികളുടെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കുന്ന ഈ പദ്ധതി ഇന്ത്യയിലല്ല ആദ്യമായി വരുന്നത്. മുമ്പ് യുകെയിൽ സമാന പദ്ധതി നിലവിൽ വന്നിരുന്നു. എന്നാൽ തകർച്ചയായിരുന്നു ഫലം.

യുകെയിൽ തകർന്നടിഞ്ഞ ആരോഗ്യ പദ്ധതി

2005 2013 വർഷത്തിലാണ് നാഷണൽ ഹെൽത്ത് പ്രോഗ്രാം ഫോർ ഐടിയുടെ ഭാഗമായി ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് സിസ്റ്റം യുകെയിൽ നടപ്പിലാകുന്നത്. എന്നാൽ ആസൂത്രണത്തിലെ പാളിച്ച, ഡേറ്റ സുരക്ഷയിലെ പാളിച്ചകൾ, ആരോഗ്യ പ്രവർത്തകരിലുണ്ടായ അവിശ്വാസം എന്നിവ കാരണം ആ പദ്ധതി തകർന്നടിഞ്ഞു. ഏറ്റവും ചെലവേറിയ ഹെൽത്ത്‌കെയർ ഐടി ളമശഹൗൃല എന്നാണ് ഈ പദ്ധതിയെ വിശേഷിപ്പിക്കുന്നത്.

ഇന്ത്യയിൽ ഹെൽത്ത് ഐഡി ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. ഈ പദ്ധതി എന്ന് പ്രാബല്യത്തിൽ വരും എന്നതിനെ കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ ഓർക്കേണ്ട ഒരു കാര്യമുണ്ട്…ഒരു വ്യക്തിയുടെ ആരോഗ്യ വിവരങ്ങൾ തികച്ചും സ്വകാര്യമായ ഒന്നാണ്. അതെല്ലാം ക്രോഡീകരിച്ച് ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരുമ്പോൾ ആ സ്വകാര്യത കാത്ത് സൂക്ഷിക്കാൻ എത്രമാത്രം സാധിക്കും എന്നത് കണ്ടുതന്നെ അറിയണം.

Story Highlights what is health ID India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top