ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത് യോഗങ്ങളും റാലികളും നടത്താതിരിക്കാൻ; ബംഗാൾ കൊവിഡ് മുക്തമായെന്ന് ബിജെപി അധ്യക്ഷൻ

ബംഗാൾ കൊവിഡ് മുക്തമായെന്ന് ബൊജെപി സംസ്ഥാന അധ്യക്ഷൻ ദിലിപ് ഘോഷ്. സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത് യോഗങ്ങളും റാലികളും നടത്താതിരിക്കാനാണെന്നും ഘോഷ് ഹൂഗ്ലിയിൽ വച്ചു നടന്ന റാലിയിൽ ആരോപിച്ചു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഘോഷിൻ്റെ പ്രസ്താവന.
Read Also : മാസ്കോ സാമൂഹിക അകലമോ ഇല്ലാതെ കലശ് യാത്ര സംഘടിപ്പിച്ച് ബിജെപി; വിവാദം: വിഡിയോ
“സംസ്ഥാനം കൊവിഡ് മുക്തമായിട്ടുണ്ട്. എന്നാൽ, ബിജെപി യോഗങ്ങളും റാലികളും സംഘടിപ്പിക്കാതിരിക്കാനാണ് മമതാ ബാനർജി ലോക്ക്ഡൗണുകൾ നടപ്പാക്കുന്നത്. പക്ഷേ, ഞങ്ങളെ തടയാൻ ആർക്കും കഴിയില്ല.”- യോഗത്തിൽ ദിലീപ് ഘോഷ് പറഞ്ഞു. നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലിയിൽ വച്ചായിരുന്നു ഘോഷിൻ്റെ പ്രസ്താവന. റാലിയിൽ പങ്കെടുത്തവർ ആരും മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല.
അതേസമയം, ബംഗാളിൽ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുക്കുകയാണ്. മരണ സംഖ്യ 3,700 ആയി ഉയർന്നു.
Read Also : രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം; 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് രോഗബാധിതർ
രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 45 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 96,551 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1209 പേർ മരിച്ചു. ഒരു ദിവസം ഇത്രയും പേർ രോഗബാധിതരാകുന്നത് ആദ്യമായാണ്. ആകെ രോഗികൾ 45,62,415 ഉം മരണം 76,271 ആയി. സെപ്തംബർ മാസത്തിൽ ഇതുവരെ 10 ലക്ഷത്തിന് അടുത്താണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഈ സ്ഥിതി തുടർന്നാൽ രോഗികളിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതുളള അമേരിക്കയെ ഈ മാസം ഇന്ത്യ മറികടക്കും.
Story Highlights – Corona Is Gone declares BJP’s Bengal Chief
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here