മൊബൈൽ ആപ്പിൽ നിന്ന് ലോൺ; തിരിച്ചടവ് വൈകിയപ്പോൾ ഫോൺ കോണ്ടാക്ട് വിവരങ്ങൾ ചോർത്തി ഭീഷണി: കുറിപ്പ്

ഓൺലൈനായി ലോൺ ലഭിക്കുന്ന ഒരുപാട് മൊബൈൽ ആപ്ലിക്കേഷനുകൾ ഇപ്പോൾ നിലവിലുണ്ട്. ഇവയിൽ പലതും വളരെ അപകടം പിടിച്ച ആപ്പുകളാണ്. ഉയർന്ന പലിശ മാത്രമല്ല, പലിശക്ക് പണം കൊടുക്കുന്ന കൊള്ളപ്പലിശക്കാരെപ്പോലെയാണ് ഇവയിൽ പലതും പെരുമാറുന്നത്. ഇത്തരത്തിലുള്ള ഒരു ആപ്പിനെപ്പറ്റിയുള്ള കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
Read Also : ഓൺലൈൻ ഗെയിമർമാർ ശ്രദ്ധിക്കുക; കേന്ദ്രം നിങ്ങൾക്ക് പണി തരും
ഐക്രെഡിറ്റ് എന്ന ആപ്പിനെപ്പറ്റിയാണ് പോസ്റ്റ്. 2700 രൂപ കടം എടുത്തിട്ട് 4175 രൂപ അടക്കാൻ ആവശ്യപ്പെട്ടു എന്നും വിസമ്മതിച്ചപ്പോൾ ഫോണിലെ കോണ്ടാക്ട് വിവരങ്ങൾ ഇങ്ങോട്ട് അയച്ചു തന്ന് ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിൽ പറയുന്നു. ആൻഡ്രോയ്ഡ് കമ്മ്യൂണിറ്റി എന്ന ഗ്രൂപ്പിൽ പങ്കുവച്ച കുറിപ്പിൽ സ്ക്രീൻഷോട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കുറിപ്പ്:
7 ദിവസം മുമ്പ് എന്റെ എട്ടൻ icredit എന്ന ആപ്ലിക്കേഷനിൽ നിന്ന് 2700 രൂപ കടം എടുത്തിരുന്നു. ഇത്തരം ഓൺലൈൻ ലോണിനെ പറ്റിയൊന്നും വല്യ ധാരണ ഇല്ലാത്ത ആൾ ആണ്. അതുകൊണ്ട് തന്നെ തിരിച്ച് അടയ്ക്കാൻ വിട്ടു. ഇന്ന് വാട്സപ്പിൽ മെസ്സേജ് വരുമ്പോഴാണ് ശ്രദ്ധിച്ചത്. ഒരു ദിവസത്തിന് ഏകദേശം 100 രൂപ overdue എന്ന് പറഞ്ഞു പൈസ പിടിക്കുന്നു. ഇപ്പൊ ആകെ 4175 രൂപ അടയ്ക്കാൻ പറഞ്ഞു. ആദ്യം ഒക്കെ പലിശ അധികമാണ്. ഇത്ര ഒന്നും അടക്കാൻ പറ്റില്ല എന്ന് പറഞ്ഞു. അപ്പോളാണ് അവരുടെ തനി നിറം പുറത്ത് വന്നത്. ഫോണിലെ എല്ലാ കോണ്ടാക്ടുകളും അവർ ഇങ്ങോട്ട് അയച്ചു തന്നു. എന്നിട്ട് ഭീഷണിപ്പെടുത്തുന്നു. പൈസ അടച്ചില്ലേൽ കോണ്ടാക്ട്സ് ദുരുപയോഗം ചെയ്യുമെന്നും എല്ലാവരേം വിളിക്കുമെന്നും പറയുന്നു. എന്റെ എട്ടൻ ഇത്രയും കേട്ടപ്പോ ആകെ പേടിച്ചു. ശരിക്കും നമ്മളുടെ കോണ്ടാക്ട്സ് ഒക്കെ ഇവർക്ക് എങ്ങനെ കിട്ടി? ആപ്പ് ഇൻസ്റ്റാൾ ചെയ്തപ്പോ പെർമിഷൻസ് ഒന്നും ശ്രദ്ധിച്ചിട്ട് ഇല്ല. ശരിക്കും ഇങ്ങനെ ഒരാളെ ഭീഷണിപ്പെടുത്താൻ പറ്റുമോ? മാത്രമല്ല സിബിൽ സ്കോർ കുറയ്ക്കും എന്നും പറഞ്ഞു. നിയമപരമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിട്ടും അവർ അത് ഒന്നും കണക്കാക്കുന്നില്ല. നിവൃത്തികേട് കൊണ്ട് 3000 രൂപ അയച്ചു. കുറച്ച് സമയം പോലും തരുന്നില്ല. മുഴുവൻ തുകയും ഇപ്പോൾ തന്നെ തിരിച്ച് അയക്കണം എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുന്നു. ഇത്തരത്തിലുള്ള ചതികളിൽ ആരും ചെന്ന് ചാടാണ്ട് ഇരിക്കുക.
Story Highlights – facebook post about online loan app
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here