ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് 15 ലക്ഷം രൂപവരെ സ്വയംതൊഴില്‍ വായ്പ

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും സ്വയംതൊഴില്‍ വായ്പ അനുവദിക്കുമെന്ന് മന്ത്രി കെ. കെ. ശൈലജ. സംസ്ഥാന വനിതാ വികസന കോര്‍പറേഷനെയാണ് സ്വയം തൊഴില്‍ വായ്പാ ധനസഹായ പദ്ധതി നടപ്പിലാക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

മൂന്നു ലക്ഷം മുതല്‍ പരമാവധി പതിനഞ്ചു ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക. വായ്പാ തുകയുടെ 70 ശതമാനം അപേക്ഷകളുടെ വിശദമായ പരിശോധനയ്ക്ക് ശേഷം സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം ലഭ്യമാക്കി പ്രാരംഭ ഘട്ടത്തില്‍ അനുവദിക്കും. ബാക്കി 30 ശതമാനം സംരംഭം ആരംഭിച്ചതിന് ശേഷം പദ്ധതിയുടെ പുരോഗതി വിലയിരുത്തി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ശുപാര്‍ശ സമര്‍പ്പിക്കുന്ന മുറയ്ക്കും ലഭ്യമാക്കുന്നതാണ്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സമഗ്ര സാമ്പത്തിക ഉന്നമനത്തിന് ഈ സംരംഭകത്വ വായ്പാ പദ്ധതിയിലൂടെ വളരെ പ്രകടവും കാര്യക്ഷമവുമായ ഫലം ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി അറിയിച്ചു.

സ്വയംതൊഴില്‍ വായ്പ പദ്ധതിയ്ക്കായി വിശദമായ പ്രൊജക്റ്റ് പ്രൊപ്പോസല്‍ സഹിതം അപേക്ഷിക്കേണ്ടതാണ്. നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 15ന് മുന്‍പായി മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, കവടിയാര്‍ തിരുവനന്തപുരം 695003 എന്ന മേല്‍ വിലാസത്തിലോ head@kswdc.org എന്ന ഇ-മെയില്‍ വിലാസത്തില്‍ സ്‌കാന്‍ ചെയ്തോ സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍: 0471 2727668

Story Highlights Self employment loan up to Rs. 15 lakhs for transgender people

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top