സിപിഎല്ലിലെ പ്രകടന മികവിൽ യുഎസ്എ താരം കൊൽക്കത്തയിൽ; ഐപിഎൽ ചരിത്രത്തിലാദ്യം

ചരിത്രത്തിലാദ്യമായി യുഎസ്എ താരത്തിന് ഐപിഎൽ കരാർ. ഇക്കഴിഞ്ഞ കരീബിയൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് താരം അലി ഖാനെയാണ് ട്രിൻബാഗോ ഉടമകളുടെ തന്നെ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചത്. പരുക്കേറ്റ് പുറത്തായ ഇംഗ്ലീഷ് പേസർ ഹാരി ഗർണിയ്ക്ക് പകരക്കാരനായാണ് അലി ഖാൻ ടീമിലെത്തുക.
Read Also : റെയ്നക്ക് പകരം മലാൻ ടീമിലെത്തില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ്
കളിച്ച 12 മത്സരങ്ങളും വിജയിച്ച് സിപിഎൽ ചാമ്പ്യന്മാരായ ട്രിൻബാഗോയിൽ ഗംഭീര പ്രകടനമാണ് അലി ഖാൻ നടത്തിയത്. കഴിഞ്ഞ മൂന്ന് സീസണുകളിലായി ലീഗിലെ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായിരുന്നു താരം. കഴിഞ്ഞ സീസണിലും കൊൽക്കത്ത സ്റ്റാൻഡ് ബൈ താരമായി അലി ഖാനെ ഉൾപ്പെടുത്തിയിരുന്നു. ഈ സീസണിൽ 8 മത്സരങ്ങളിൽ നിന്ന് 7.43 എക്കണോമിയിൽ 8 വിക്കറ്റുകൾ താരം നേടിയിരുന്നു. 140 കിലോമീറ്ററിനു മുകളിൽ സ്ഥിരമായി പന്തെറിയുന്ന അലി ഖാൻ ഡെത്ത് ഓവറുകളിലും മികച്ച ബൗളിംഗ് പ്രകടനമാണ് നടത്തിയത്. മികച്ച യോർക്കറുകളും താരത്തിൻ്റെ ആവനാഴിയിലുണ്ട്.
2018ൽ ഗ്ലോബൽ ടി-20 കാനഡ ലീഗിലെ പ്രകടനം ശ്രദ്ധിച്ച അന്നത്തെ ട്രിൻബാഗോ ക്യാപ്റ്റൻ ഡ്വെയിൻ ബ്രാവോ ആണ് അലി ഖാനെ സിപിഎലിൽ എത്തിച്ചത്. ആ സീസണിൽ 12 മത്സരങ്ങളിൽ നിന്ന് താരം 16 വിക്കറ്റുകൾ എടുത്തു. സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമതായിരുന്നു താരം. പിന്നീട് ബിപിഎൽ, പിഎസ്എൽ തുടങ്ങിയ ലീഗുകളിലും അദ്ദേഹം കളിച്ചു.
Read Also : പ്രവീൺ താംബെയെ വിലക്കിയ ബിസിസിഐയുടെ സ്വാർത്ഥത
ഇത്തവണ ഐപിഎല്ലിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സെപ്തംബർ 19ന് അബുദാബിയിലാണ് പോരാട്ടം. പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് പ്രഖ്യാപിക്കും. ഇന്ത്യൻ സമയം 3.30നും 7.30നുമാണ് മത്സരങ്ങൾ.
Story Highlights – Ali Khan set to join Kolkata Knight Riders as replacement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here