പ്രവീൺ താംബെയെ വിലക്കിയ ബിസിസിഐയുടെ സ്വാർത്ഥത

BCCI Pravin Tambe selfish

ക്രിക്കറ്റ് ലോകത്തിന് അത്ഭുതമാണ് പ്രവീൺ താംബെ. 41ആം വയസ്സിൽ രാജസ്ഥാൻ റോയൽസിലൂടെ പ്രൊഫഷണൽ ക്രിക്കറ്റിലേക്കും ഐപിഎല്ലിലേക്കും അരങ്ങേറിയ താരമാണ് താംബെ. ഒട്ടുമിക്ക ക്രിക്കറ്റർമാരും വിരമിച്ച് കമൻ്ററി ബോക്സിലോ സഹപരിശീലകൻ്റെ വേഷത്തിലോ മറ്റ് ചില കച്ചവടങ്ങളിലോ അതുമല്ലെങ്കിൽ കുടുംബത്തിനൊപ്പമോ ചെലവഴിക്കുന്ന സമയത്താണ് ഈ മുംബൈ ക്രിക്കറ്റർ കളി തുടങ്ങുന്നത്. ഐപിഎല്ലിലും പിന്നെ സിപിഎല്ലിലും ടി-10 ഫോർമാറ്റിലും ഗംഭീര പ്രകടനം നടത്തിയ താംബെ പ്രായം വെറും അക്കമാണെന്ന പ്രസ്താവനയ്ക്ക് അടിവരയിടുന്നു. പക്ഷേ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ലേലത്തിലെടുത്തെങ്കിലും ഇക്കൊല്ലത്തെ ഐപിഎലിൽ താംബെ കളിക്കില്ല. ഇക്കൊല്ലത്തെയല്ല, ഇനിയൊരിക്കലും താംബെ കളിക്കില്ല. കാരണം, ബിസിസിഐയുടെ സ്വാർത്ഥത.

Read Also : വയസ് 48; കരീബിയൻ പ്രീമിയർ ലീഗിൽ ഏറ്റവും കുറഞ്ഞ എക്കണോമിയുമായി പ്രവീൺ താംബെ

സജീവ ക്രിക്കറ്റിൽ നിന്ന് -ഐപിഎൽ ഉൾപ്പെടെ- വിരമിച്ച പുരുഷതാരങ്ങൾക്ക് മാത്രമേ മറ്റ് രാജ്യങ്ങൾ നടത്തുന്ന ടി-20, ടി-10 ലീഗുകളിൽ പാഡണിയാൻ ബിസിസിഐ അനുവാദം നൽകൂ. അങ്ങനെയല്ലെങ്കിൽ ഐപിഎലിൻ്റെ പകിട്ട് നഷ്ടപ്പെടുമെന്നാണ് ബോർഡിൻ്റെ പക്ഷം. ഈ നിയമം മറികടന്ന് 2018ൽ യുഎഇയിൽ നടന്ന ടി-10 ലീഗിൽ കളിച്ചതു കൊണ്ടാണ് താംബെയെ ബിസിസിഐ ഐപിഎലിൽ വിലക്കുന്നത്. ലീഗിൽ 4 മത്സരങ്ങളിൽ നിന്ന്, ലീഗ് ചരിത്രത്തിലെ ആദ്യ ഹാട്രിക്കും അൻഹ് വിക്കറ്റ് നേട്ടവും ഉൾപ്പെടെ 8 വിക്കറ്റ് നേടിയെന്നതൊന്നും ബിസിസിഐ കണ്ടില്ല. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചു എങ്കിലും ബിസിസിഐ താംബെയെ വെട്ടി.

മറ്റൊരു ക്രിക്കറ്റ് ബോർഡും തങ്ങളുടെ താരങ്ങൾക്ക് മേൽ ഇങ്ങനെയൊരു നിയമം അടിച്ചേല്പിക്കാതിരിക്കുമ്പോഴാണ് ബിസിസിഐയുടെ ഈ സ്വാർത്ഥത. അതുകൊണ്ടാണ് യുവരാജ് സിംഗ് വിരമിച്ചതിനു ശേഷം കാനഡ ടി-20 ലീഗ് കളിച്ചത്. അതുകൊണ്ടാണ് റോബിൻ ഉത്തപ്പ ഈ തീരുമാനം ബിസിസിഐ മാറ്റണമെന്ന് അഭ്യർത്ഥിച്ചത്. ബിസിസിഐ വിലക്കിയതിനു പിന്നാലെ താംബെ വിരമിച്ചു. പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഉടമസ്ഥതയിലുള്ള ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് താംബെയ്ക്ക് സിപിഎല്ലിൽ അവസരം നൽകുന്നു. ആകെ കളിച്ചത് 3 മത്സരങ്ങളിലാണ്. നേടിയത് മൂന്ന് വിക്കറ്റുകൾ. എക്കോണമി 4. വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ലിന്നിനെതിരെ ഒരു മെയ്ഡൻ ഓവർ. ഫീൽഡിൽ അസാമാന്യ മെയ്‌വഴക്കം. ഒരു ഗംഭീര ക്യാച്ച്.

Read Also : ടി-10 ലീഗിൽ കളിച്ചു; താംബെയ്ക്ക് ഐപിഎല്ലിൽ നിന്നു വിലക്ക്

41ആം വയസ്സിലാണ് താംബെ പ്രൊഫഷണൽ ക്രിക്കറ്റിൽ അരങ്ങേറുന്നത്. അതും ഐപിഎല്ലിൽ. ഒരൊറ്റ ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിച്ചിട്ടില്ലാത്ത താരം അരങ്ങേറ്റ സീസണിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു. ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം വിക്കറ്റുകൾ. പിന്നാലെ, 2013-14 സീസണിൽ മുംബൈക്കായി രഞ്ജി അരങ്ങേറ്റം. ഗുജറാത്ത് ലയൺസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്കായും കളിച്ചു. ആകെ 33 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റുകൾ. 62 ടി-20 കളിൽ നിന്ന് 68 വിക്കറ്റുകളും താരം നേടി.

Story Highlights BCCI banned Pravin Tambe is a selfish act

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top