ബിജെപി മാർച്ചിനിടെ ബി ഗോപാലകൃഷ്ണന് പരുക്ക്

മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തൃശൂരിൽ ബിജെപിയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധ മാർച്ച് നടത്തി. ബിജെപി മാർച്ചിൽ ബി. ഗോപാലകൃഷ്ണന് പരുക്കേറ്റു. കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രധിഷേധ മാർച്ചിനിടെയാണ് പരുക്ക്. കണ്ണിലേക്ക് കല്ല് തെറിച്ചു കൊള്ളുകയായിരുന്നു. ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും പരുക്കേറ്റു.
കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം അരങ്ങേറുകയാണ്. തലസ്ഥാനത്ത് യുവജന സംഘടനകൾ നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. യുവമോർച്ച മാർച്ചിന് നേരെ പൊലീസ് അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചു. മൂന്ന് തവണ ലാത്തി വീശുകയും കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിക്കുകയും ചെയ്തു. ആറ് യുവമോർച്ച പ്രവർത്തകർക്ക് പരുക്കേറ്റു. ഒരാളെ അറസ്റ്റു ചെയ്ത് നീക്കി. കൊല്ലത്തും കോഴിക്കോട്ടും നടന്ന പ്രതിഷേധ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസുകാരും പൊലീസും ഏറ്റുമുട്ടി. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചു.
മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ കൊല്ലം കുണ്ടറയിലെ വീട്ടിലേക്ക് കോൺഗ്രസ് നടത്തിയ ലോംഗ് മാർച്ചിലും സംഘർഷുണ്ടായി. ഡിസിസി പ്രസിഡന്റ് ബിന്ദു ക്യഷ്ണയുടെ നേത്യത്വത്തിൽ ചിന്നക്കടയിൽ നിന്നാരംഭിച്ച പ്രകടനം കടപ്പാക്കടയിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകർത്ത പ്രതിഷേധക്കാർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരാൾക്ക് പരുക്കേറ്റു. കൊല്ലത്ത് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു.
Story Highlights – BJP March, B Gopalakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here