വാളയാർ കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകിയ നടപടി പിൻവലിക്കണമെന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾ

വാളയാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് എസ്പിയായി സ്ഥാനക്കയറ്റം നൽകിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇരകളായ പെൺകുട്ടികളുടെ മാതാപിതാക്കൾ. അവശ്യമുന്നയിച്ച് വാളയാർ സമര സമതിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ ഏകദിന ഉപവാസ സമരം തുടരുകയാണ്. കേസിൽ ഇതുവരെ നീതി ലഭിച്ചില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു.

വാളയാറിൽ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളാണ് കൊച്ചിയിൽ ഉപവാസ സമരം നടത്തുന്നത്. കേസ് അട്ടിമറിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ എം.ജെ സോജൻ കൂട്ട് നിന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. എം.ജെ സോജന് എസ്പിയായി സ്ഥാനക്കയറ്റം നൽകിയത് പിൻവലിക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു. ഭരണകൂടത്തിന്റെ ഇടപെടലിൽ പൊലീസ് നോക്കുകുത്തിയായി മാറിയെന്ന് സമരം ഉദ്ഘാടനം ചെയ്ത റിട്ട. ജസ്റ്റിസ് കെമാൽ പാഷ ആരോപിച്ചു. കേസ് അട്ടിമറിക്കാൻ കഴിയുന്നതെല്ലാം പൊലീസ് ചെയ്തു.

വാളയാർ കിഡ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പരിപാടികൾ. 13 വയസുകാരിയെ 2017 ജനുവരി 13നും ഒമ്പതു വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ഹർജിയിൽ ഹൈക്കോടതിയുടെ വിധി കാക്കുകയാണ് മാതാപിതാക്കൾ. കേസിലെ 6 പ്രതികളെ കീഴ്ക്കോടതി വെറുതേ വിട്ടിരുന്നു. അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് ആരോപണം.

Story Highlights valayar case, parents demands that the action taken to promote investigating officer promotion

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top