സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ജാഗ്രതക്കുറവുണ്ടാകുന്നു: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ജാഗ്രതക്കുറവുണ്ടാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക് ധരിക്കാത്ത 5901 സംഭവങ്ങള്‍ ഇന്നു മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റീന്‍ ലംഘിച്ച ഒമ്പതുപേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. ഇതിനര്‍ത്ഥം സ്വയം നിയന്ത്രണം പാലിക്കാന്‍ പലരും മടികാണിക്കുന്നു എന്നാണ്. അതോടൊപ്പം ചില പ്രചാരണങ്ങളും നടക്കുന്നുണ്ട്. എന്നാല്‍, ആശങ്ക തുടരുകയാണ്. രോഗവ്യാപനം അനിയന്ത്രിതമായി എന്നും മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ ഇനി വലിയ കാര്യമില്ല എന്നും പ്രചാരണം നടക്കുന്നുണ്ട്. വരുന്നിടത്തു വച്ചു നോക്കാം എന്ന ചിന്താഗതിയും വളര്‍ത്തുന്നുണ്ട്. ഇത് അപകടകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കൊവിഡ് അസാധാരണമായ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഈ മഹാമാരി സൃഷ്ടിച്ചതിന് സമാനമായ മറ്റൊരു സാഹചര്യം ലോകം മുന്‍പ് നേരിട്ടത് 1918 ലെ സ്പാനിഷ് ഫ്‌ളൂ ആയിരുന്നു. നാലുവര്‍ഷം കൊണ്ട് ഏതാണ്ട് 50 കോടി ആളുകള്‍ക്ക് രോഗബാധയുണ്ടാവുകയും അഞ്ചുകോടിയോളം മനുഷ്യര്‍ മരിക്കുകയും ചെയ്തു.ആ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ശാസ്ത്രം ബഹുദൂരം പുരോഗമിച്ച ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കൊവിഡിനെ ചെറുക്കാന്‍ മനുഷ്യരാശിക്ക് സാധിച്ചിട്ടുണ്ട്. എന്നിട്ടും ഏതാണ്ട് മൂന്നു കോടി പേര്‍ക്ക് രോഗബാധയുണ്ടാവുകയും പത്തു ലക്ഷം പേര്‍ മരണമടയുകയും ചെയ്തു. ഇന്ത്യയില്‍ മാത്രം ഇതുവരെ ഏകദേശം 50 ലക്ഷം പേര്‍ രോഗബാധിതരായി. മരണം എണ്‍പതിനായിരം കവിഞ്ഞു.
സ്പാനിഷ് ഫ്‌ളൂ പോലെ തന്നെ കുറച്ചുസമയം കഴിയുമ്പോള്‍ കൊവിഡും അപ്രത്യക്ഷമായേക്കാം. മറക്കാന്‍ പാടില്ലാത്ത കാര്യം, അഞ്ചുകോടി മനുഷ്യരുടെ ജീവന്‍ കവര്‍ന്ന ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട് എന്നതാണ്. നമ്മുടെ കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും പരമാവധി ഉപയോഗിച്ച് മനുഷ്യരുടെ ജീവന്‍ രക്ഷിക്കുക എന്ന ചരിത്രപരമായ കടമ സമൂഹം എന്ന നിലയില്‍ നിറവേറ്റിയേ തീരൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – covid,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here