പ്ലസ് വണ്‍ പ്രവേശനം: കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്കും ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്കും ഓണ്‍ലൈന്‍ സൗകര്യം

കൊവിഡ് പശ്ചാത്തലത്തില്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്കും കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ സൗകര്യം.
പ്രവേശനത്തിന്റെ അവസാന തിയതിക്കു മുന്‍പ് സ്‌കൂളുകളില്‍ ഹാജരാകാന്‍ സാധിക്കുകയില്ലെങ്കില്‍ ഓണ്‍ലൈനായി പ്രവേശനം നേടുന്നതിനുള്ള സൗകര്യം സെപ്റ്റംബര്‍ 17 മുതല്‍ കാന്‍ഡിഡേറ്റ് ലോഗിനില്‍ ലഭിക്കും. സ്‌കൂളില്‍ ഹാജരായി പ്രവേശനം നേടാന്‍ സാധിക്കാത്തവര്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിനിലെ Online Joining എന്ന ലിങ്കിലൂടെ പ്രവേശനത്തിന് ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്ലോഡ് ചെയ്യാം.
ഒന്നാം ഓപ്ഷനിലുള്ളവര്‍ സ്ഥിരപ്രവേശനത്തിനും അല്ലാത്തവര്‍ സ്ഥിരപ്രവേശനത്തിനോ അല്ലെങ്കില്‍ താത്കാലിക പ്രവേശനത്തിനോ താല്‍പര്യമറിയിക്കണം. അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ലോഗിനില്‍ ലഭ്യമാകുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി വെരിഫൈ ചെയ്ത് സാധുത ഉറപ്പാക്കി പ്രവേശനത്തിന് അനുമതി നല്‍കും. അനുമതി ലഭിച്ചാല്‍ പൊതുഖജനാവില്‍ അടയ്ക്കേണ്ട തുക ഓണ്‍ലൈനായി കാന്‍ഡിഡേറ്റ് ലോഗിനിലെ ഫീ പെയ്മെന്റ് എന്ന ലിങ്കിലൂടെ അടച്ച് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാം. ഇത്തരത്തില്‍ ഓണ്‍ലൈന്‍ പ്രവേശനം നേടുന്നവര്‍ സ്‌കൂളില്‍ നേരിട്ട് ഹാജരാകാന്‍ സാധിക്കുന്ന ഏറ്റവും അടുത്ത ദിവസം സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും പിഡി അക്കൗണ്ടില്‍ അടയ്ക്കേണ്ട ഫീസും സ്‌കൂള്‍ പ്രിന്‍സിപ്പലിന് നല്‍കണം. പ്രവേശന അവസരത്തില്‍ സത്യവിരുദ്ധമായ എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ വിദ്യാര്‍ത്ഥിയുടെ പ്രവേശനം റദ്ദാക്കും.
Story Highlights – Plus One Admission: Covid Online Facility
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here