പൊന്നാനി കടലിൽ നിന്ന് കണ്ടെത്തിയ മൃതദേഹം റീപോസ്റ്റുമോർട്ടത്തിനായി പുറത്തെടുക്കും

പൊന്നാനി കടലിൽ നിന്ന് കണ്ടെത്തിയ മൃതദേഹം നാളെ വീണ്ടും പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുക്കും. താനൂർ തീരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹമാണ് ഡിഎൻഎ പരിശോധനക്കായി വീണ്ടും പുറത്തെടുക്കുന്നത്. മൃതദേഹം മാറിപ്പോയെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരദേശ പൊലീസ് റീപോസ്റ്റ്‌മോർട്ടത്തിന് തയാറായത്. അതേസമയം കാണാതായ ഒരാൾക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.
ഇതിന്റെ ഭാഗമായി താനൂരിൽ നിന്ന് ലഭിച്ച മൃതദേഹത്തിന്റെയും കാസർഗോഡ് നിന്ന് ലഭിച്ച മൃതദേഹത്തിന്റെയും ഡിഎൻഎ സാമ്പിളുകൾ പരിശോധനക്കായി അയക്കും. ഇതിനുള്ള നടപടികൾ പൂർത്തിയായി. നാളെ മൃതദേഹം പുറത്തെടുക്കാൻ തീരുമാനമായതായി ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചു.
Read Also : പൊന്നാനിയിൽ ബോട്ടപകടത്തിൽ കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ വ്യാപകമാക്കി
ഈ മാസം ആറിന് രാത്രിയിൽ ശക്തമായ കാറ്റിൽ ഒൻപത് പേരെ കടലിൽ കാണാതായിരുന്നു. പൊന്നാനി, താനൂർ തീരദേശത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. ഇതിൽ ആറ് പേരെ മത്സ്യത്തൊഴിലാളികൾ തന്നെ അടുത്ത ദിവസം രക്ഷപ്പെടുത്തിയിരുന്നു.
എന്നാൽ പിന്നീട് കണ്ട് കിട്ടാനുള്ള മൂന്ന് പേരിൽ ഒരാളുടെ മൃതദേഹം എട്ടാം തിയതി ഉച്ചയോടെ താനൂർ ഭാഗത്ത് നിന്ന് കണ്ടെത്തി. അതിന് ശേഷം 14ാം തിയതി ഉച്ചയോടെ കാസർഗോഡ് മഞ്ചേശ്വരം കടപ്പുറത്ത് നിന്ന് മറ്റൊരു മൃതദേഹം കണ്ടെത്തി. ഇത് താനൂർ സ്വദേശി ഉബൈദിന്റേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ഇതോടെ ഉബൈദെന്ന് കരുതി നേരത്തേ കബറടക്കിയ മൃതദേഹം ആരുടെതാണെന്ന് കണ്ടെത്താനുള്ള ശ്രമമാണ് പൊലീസ് ആരംഭിച്ചത്.
Story Highlights – ponnani sea, fishermen missing