Advertisement

കൊവിഡ് കുട്ടികളിൽ: ലക്ഷണങ്ങൾ എന്തെല്ലാം? ചികിത്സ എങ്ങനെ ?

September 17, 2020
Google News 1 minute Read
child covid symptoms

വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2-14 ദിവസത്തിനുളളിൽ ലക്ഷണങ്ങൾ ആരംഭിക്കാം. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ രോഗ തീവ്രത കുറവാണ്. അതീവ ഗുരുതരാവസ്ഥയും വിരളമാണ്. പനി, ചുമ, തൊണ്ടവേദന, വയറിളക്കളം, തലവേദന, ശരീരവേദന, തളർച്ച എന്നിവയാണ് സാധരണയായി കാണുന്ന ലക്ഷണങ്ങൾ. അപൂർവമായി മണം, രുചി എന്നിവ തിരിച്ചറിയാൻ ബുദ്ധിമുട്ട് കാണാറുണ്ട്.

കുട്ടികൾക്കും വേണം ബോധവത്കരണം

രോഗത്തിനെക്കുറിച്ചുളള ശാസ്ത്രീയമായ അറിവ് മാതാപിതാക്കളും അധ്യാപകരും കുട്ടികൾക്ക് പകർന്നു കൊടുക്കണം. എന്നാൽ ഇത് കുട്ടികളെ ഭയപ്പെടുത്തുന്ന രീതിയിലാവരുത്. സോഷ്യൽ മീഡിയയിൽ വരുന്ന സന്ദേശങ്ങളിൽ അശാസ്ത്രീയമായ കാര്യങ്ങളും, തെറ്റിധാരണകളും ഉണ്ടെങ്കിൽ അതിന്റെ സത്യാവസ്ഥ അവർക്ക് പറഞ്ഞു മനസിലാക്കണം.

രോഗലക്ഷണങ്ങൾ കണ്ടാൽ

ആരോഗ്യ പ്രവർത്തകരുമായി നിർദേശിക്കപ്പെട്ടിട്ടുളള ഫോൺ നമ്പറിൽ ബന്ധപ്പെടണം. അവരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയും നൽ കുക. കാരണം രോഗനിർണയം ഈ ഉത്തരങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും. ശ്വാസംമുട്ടൽ, ഉറക്കകൂടുതൽ, തളർച്ച, നിർജലീകരണം, കടുത്തപനി എന്നിവയുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ ഉടനെ ഫോൺവഴി ബന്ധപ്പെടുകയും അവർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കുകയും വേണം.

രോഗം പകരാതിരിക്കാനുളള മുൻകരുതലുകൾ

കഴിവതും വീട്ടിൽ തന്നെ കഴിയാൻ ശ്രദ്ധിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പും വെളളമോ സാനിറ്റൈസറോ ഉപയോഗിച്ച് ശുചിയാക്കണം. പുറത്തുപോകുമ്പോൾ മാസ്‌ക്ക് കൃത്യമായി രീതിയിൽ ഉപയോഗിക്കുകയും, മാസ്‌കിന്റെ പുറം ഭാഗം സ്പർശിക്കാതിരിക്കുകയും വേണം. സാമൂഹിക അകലം കൃത്യമായും പാലിക്കുക. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ കൈകൾ ഉപയോഗിച്ച് മുഖം മറയ്ക്കാതെ കൈമുട്ടിന്റെ ഉൾഭാഗം കൊണ്ട് മറയ്ക്കുക. 2 വയസിന് മുകളിൽ ഉളള കുട്ടികൾക്ക് മാസ്‌ക് ധരിക്കാവുന്നതാണ്. ചെറിയ കുട്ടികൾ മാസ്‌ക് ധരിക്കുമ്പോൾ കഴുത്തിൽ കുരുങ്ങി അപകടം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. അതുപോലെ തന്നെ ചെറിയ കുട്ടികളുടെ കൈയെത്താത്ത സ്ഥലങ്ങളിൽ സാനിറ്റൈസർ സൂക്ഷിക്കാനും ശ്രദ്ധിക്കണം. വീട്ടിലുളള മുതിർന്ന ആളുകളും സ്ഥിരമായ അസുഖങ്ങൾ ഉളളവരും കുട്ടികളുമായി ഇടപഴകുമ്പോൾ മേൽപറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക. ഇവർക്ക് രോഗം വന്നാൽ അസുഖത്തിന്റെ തീവ്രത കൂടാൻ സാധ്യതയുണ്ട്.

മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ

രോഗം വരാതിരിക്കുന്നതിനുളള മുൻകരുതലുകളായ മാസ്‌ക്, സാമൂഹിക അകലം, കൈശുചിയാക്കൽ എന്നിവ കൃത്യമായി പാലിക്കുക. മറ്റുളളവരുമായി പാലിക്കുന്ന ശാരീരിക അകലം സാമൂഹിക അകലമല്ല എന്നും കുട്ടികൾക്ക് മനസിലാക്കി കൊടുക്കണം. ജോലി കഴിഞ്ഞു വന്ന ഉടനെ കുളികഴിഞ്ഞ് വസ്ത്രം മാറിയ ശേഷം മാത്രമേ കുട്ടികളുമായി സമ്പർക്കം പാടുളളൂ.

കുട്ടികളുടെ ഭക്ഷണക്രമം

ഉത്തമമായ അഹാര ശീലങ്ങൾ കുട്ടികളെ ശീലിപ്പിക്കാൻ പറ്റിയ ഒരു അവസരം കൂടിയാണ് കൊറോണക്കാലം. വീട്ടിൽ തന്നെ പാചകം ചെയ്ത സമീകൃത ആഹാരം എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുക. കൂടുതൽ പഴവർഗങ്ങളും പച്ചക്കറികളും പയറുവർഗങ്ങളും ഉൾപ്പെടുത്തുന്നതിലൂടെ രോഗ-പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മൂലകങ്ങളായ സിങ്ക്, വിറ്റാമിൻ ഡി, സി, ഇരുമ്പ്, പ്രോട്ടീൻ എന്നിവ ലഭിക്കും. ധാരാളം വെളളം കുടിക്കുന്നതും ശീലമാക്കുക.

ഓൺലൈൻ പഠനം

കുട്ടികളുടെ പഠനരീതികൾ കമ്പ്യൂട്ടറിലേക്കും മൊബൈലിലേക്കും ചുരുക്കേണ്ടിവന്ന കാലം കൂടിയാണ് ഇത്. മുൻപ് ഇത് ഉപയോഗിക്കരുത് എന്ന പറഞ്ഞിരുന്ന രക്ഷിതാക്കൾ ഇപ്പോൾ കുട്ടികളെ ഇതിന് നിർബന്ധിക്കേണ്ട അവസ്ഥയാണ്. സ്‌കൂളുകളിലെ ഓൺലൈൻ പഠനത്തിന് പുറമേ ഓൺലൈൻ ട്യൂഷൻ കൂടിയാകുമ്പോൾ മുഴുവൻ സമയവും ഇതിനായി മാറ്റപ്പെടും ഇത് കുട്ടികളിൽ ശ്രദ്ധക്കുറവ്, താത്പര്യക്കുറവ്, ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങൾ എന്നിവ സൃഷ്ടിക്കും. ഇത് ഒഴിവാക്കാൻ ശ്രദ്ധക്കേണ്ടതാണ്.

ശാരീരിക ആരോഗ്യത്തിന്

വീട്ടിൽ തന്നെ കളികളിൽ ഏർപ്പെടാൻ അവസരം ഒരുക്കുക. ഇതിൽ മാതാപിതാക്കളും പങ്കാളികളാകാൻ ശ്രദ്ധിക്കുക. കുടുംബത്തിലെ എല്ലാവരും വ്യായാമം ദിനചര്യയുടെ ഭാഗമാക്കുന്നതും ഒന്നിച്ച് വ്യായാമം ചെയ്യുന്നതും നല്ലതാണ്.

മാനസിക ആരോഗ്യത്തിന്

കുട്ടികളുമായി കൂടുതൽ സമയം ചെലവിടാനും കളികളിൽ ഏർപ്പെടാനും ശ്രദ്ധിക്കുക. അവർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കുകയും അതിന് പരിഹാരം കാണുകയും വേണം. ഫോണിൽ കൂടി സുഹൃത്തുക്കളുമായി ബന്ധം നിലനിർത്താൻ അവസരം ഒരുക്കണം. പാഠ്യേതര വിഷയങ്ങളിലുള്ള കഴിവുകൾ കണ്ടെത്താനും അവ വികസിപ്പിക്കാനും ഈ സമയം ഉപയോഗിക്കാം. ഇതിനോടൊപ്പം കുട്ടികളിൽ വരുന്ന സ്വഭാവമാറ്റങ്ങൾ മാതാപിതാക്കൾ നിരീക്ഷിക്കണം, ഒറ്റക്കിരിക്കാനുളള താത്പര്യം, അമിതമായ സങ്കടം, കാരണമില്ലാതെയുളള കരച്ചിൽ, ദേഷ്യപ്പെടൽ എന്നിവ ഉണ്ടെങ്കിൽ ഉടനെത്തന്നെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം.

പ്രതിരോധ കുത്തിവയ്പ്പുകൾ

കുട്ടികൾക്കുളള പ്രതിരോധ കുത്തിവയ്പ്പുകൾ കൃത്യമായി എടുക്കേണ്ടതാണ്. ഇവ എടുക്കാതെ ഇരുന്നാൽ ഉണ്ടായേക്കാവുന്ന മറ്റ് അസുഖങ്ങൾ കൊറോണയെക്കാൾ തീവ്രവും മരണകാരണമായേക്കാവുന്നതുമാണ്. ഏറ്റവും അടുത്തുളള ആശുപത്രിയിൽ കഴിവതും മുൻകൂട്ടി സമയം നിശ്ചയിച്ച ശേഷം കഴിവതും ഒരാൾ മാത്രം കുട്ടിയോടൊപ്പം പോകുക. ആശുപത്രിയിൽ നിലവിലുളള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് രോഗം പകരാനുളള സാധ്യത കുറയ്ക്കും. ഒന്നോ രണ്ടോ ആഴ്ച മാറിയാലും പ്രശ്‌നമില്ല, പക്ഷേ കുത്തിവെയ്പ്പുകൾ എടുക്കാതിരിക്കരുത്.

നവജാത ശിശുക്കൾ

മുലപ്പാൽ തന്നെയാണ് കുഞ്ഞുങ്ങളുടെ ഉത്തമമായ ആഹാരം. അമ്മയ്ക്ക് കൊവിഡ് രോഗം ഉണ്ടെങ്കിലും കൃത്യമായി മാസ്‌ക് ഉപയോഗിച്ച് കൈകൾ ശുചിയാക്കിയശേഷം മുലപ്പാൽ കൊടുക്കാവുന്നതാണ്. മുലപ്പാൽ കൊടുക്കുന്നതും ശാരീരിക അകലം പാലിച്ച് അമ്മയും കുഞ്ഞും ഒരേ മുറി പങ്കിടുന്നതും രോഗം വരാനുളള സാധ്യത ഒരിക്കലും കൂട്ടില്ല. 6 മാസം വരെ മുലപ്പാൽ മാത്രം നൽകുന്നതും രണ്ട് വയസുവരെ ഇത് തുടരുന്നത് കുട്ടികളിലെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും വർദ്ധിപ്പിക്കും.

Story Highlights child covid symptoms

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here