Advertisement

43 ദിവസം വെന്റിലേറ്ററിലും 20 ദിവസം കോമാ സ്റ്റേജിലും; കൊല്ലത്ത് കൊവിഡ് രോഗി ജീവിതത്തിലേക്ക് തിരിച്ചുവന്നത് ചികിത്സാ രംഗത്തെ വലിയ നേട്ടം: മുഖ്യമന്ത്രി

September 19, 2020
Google News 1 minute Read

കൊല്ലം ജില്ലയില്‍ മരണത്തെ മുഖാമുഖം കണ്ട കൊവിഡ് രോഗി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നത് നമ്മുടെ ചികിത്സാ രംഗത്തെ വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് കൊവിഡ് അതിജീവനത്തിന്റെ ഈ അടയാളപ്പെടുത്തല്‍. 43 ദിവസം വെന്റിലേറ്ററിലും അതില്‍ 20 ദിവസം കോമാ സ്റ്റേജിലുമായിരുന്ന ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശി ടൈറ്റസ് എന്ന 54 കാരനാണ് വെന്റിലേറ്ററിന്റെയും ഡയാലിസിസ് യൂണിറ്റിന്റെയും സഹായം വിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

മത്സ്യവില്‍പന തൊഴിലാളിയായ ഇദ്ദേഹത്തെ കഴിഞ്ഞ ജൂലൈ ആറിനാണ് കൊവിഡ് പോസിറ്റീവ് ആയതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ശ്വാസകോശ വിഭാഗം ഐസിയുവിലും പിന്നീട് വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. ജീവന്‍രക്ഷാ മരുന്നുകള്‍ ഉയര്‍ന്ന ഡോസില്‍ നല്‍കേണ്ടതായി വന്നു. ആറു ലക്ഷം രൂപ വിനിയോഗിച്ച് വെന്റിലെറ്ററില്‍ തന്നെ ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിച്ച് മുപ്പതോളം തവണ ഡയാലിസിസ് നടത്തി. രണ്ടു തവണ പ്ലാസ്മാ തെറാപ്പി നടത്തി.

ജൂലൈ 15ന് ടൈറ്റസ് കൊവിഡ് നെഗറ്റീവ് ആയെങ്കിലും കടുത്ത ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് 17 വരെ വെന്റിലേറ്ററിലും പിന്നീട് ഐസിയുവിലും തുടര്‍ന്നു. ഓഗസ്റ്റ് 21ന് വാര്‍ഡിലേക്ക് മാറ്റുകയും ഫിസിയോതെറാപ്പിയിലൂടെ സംസാരശേഷിയും ചലനശേഷിയും വീണ്ടെടുക്കുകയും ചെയ്തു. ആരോഗ്യ പ്രവര്‍ത്തകരുടെ 72 ദിവസം നീണ്ട അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ആരോഗ്യ പുരോഗതി നേടിയ ടൈറ്റസ് ഇന്നലെ ആശുപത്രി വിട്ടു.

സ്വകാര്യ ആശുപത്രിയില്‍ ആണെങ്കില്‍ കുറഞ്ഞത് 30 ലക്ഷം രൂപ വേണ്ടിവരുമായിരുന്ന ചികിത്സയാണ് അദ്ദേഹത്തിനു നല്‍കിയത്. പ്രതിസന്ധികള്‍ക്കിടയിലും മനോബലം പകരുന്ന അതിജീവന മാതൃക ആയതിനാലാണ് ഇത് എടുത്തുപറയുന്നത്. ടൈറ്റസിനെ ചികിത്സിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. കൊവിഡിനെതിരെ ഇത്രയേറെ പ്രത്യേകതകളുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിനിടയില്‍ രോഗവ്യാപനത്തിന് കാരണമാകുന്ന ശ്രമങ്ങളുണ്ടാക്കുന്നവരുടെ കണ്ണു തുറപ്പിക്കുന്നതിനു കൂടിയാണ് ഇത് ഇവിടെ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights covid patient kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here