Advertisement

സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

September 19, 2020
Google News 1 minute Read
rain kerala

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാവുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴയുണ്ടാവുക. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ട് തയാറെടുപ്പ് നടത്താനും അതീവ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ദുരന്ത മേഖലകളിലുള്ളവരെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റും. മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞായറാഴ്ച കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും 21ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസേനകള്‍ തയാറായി നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊലീസ്, ഫയര്‍ ഫോഴ്സ്, സിവില്‍ ഡിഫന്‍സ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പൂര്‍ണ സജ്ജരായി. കരസേന, ഡിഫന്‍സ് സര്‍വീസ് കോര്‍പ്സ്, നേവി, ഐടിബിപി എന്നിവര്‍ തയ്യാറായിട്ടുണ്ട്. വായുസേനയുടെ വിമാനങ്ങളും തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. ബിഎസ്എഫ്, സിആര്‍പിഎഫ് എന്നിവര്‍ അവശ്യാനുസരണം വിന്യസിക്കപ്പെടും.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടങ്ങളില്‍ പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ക്വാറന്റീനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കൊവിഡ് ബാധിക്കുന്നതുമൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയാറാക്കി വയ്ക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Story Highlights Heavy rain expected in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here