ഐപിഎൽ മാച്ച് 2: ഇന്ന് ഡെൽഹി ക്യാപിറ്റൽസ് കിംഗ്സ് ഇലവൻ പഞ്ചാബ് പോരാട്ടം; ഇരു ടീമുകൾക്കും ഫൈനൽ ഇലവനിൽ തലവേദന

IPL DC KXIP preview

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ രണ്ടാം മത്സരത്തിൽ ഇന്ന് ഡെൽഹി ക്യാപിറ്റൽസ് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. ഇരു ടീമുകൾക്കും ഫൈനൽ ഇലവൻ തെരഞ്ഞെടുക്കുക എന്നത് തലവേദനയാകും. കഴിഞ്ഞ സീസണിൽ കിംഗ്സ് ഇലവൻ്റെ നായകനായിരുന്ന അശ്വിൻ ഇക്കൊല്ലം ഡൽഹിയിലാണ്. അതുകൊണ്ട് തന്നെ തൻ്റെ പഴയ ടീമിനെതിരെ അശ്വിൻ്റെ പ്രകടനവും ആരാധക ശ്രദ്ധ പിടിച്ചു പറ്റും.

Read Also : ദൈവത്തിന്റെ പോരാളികൾ പതിവു തെറ്റിച്ചില്ല; ചെന്നൈയുടെ വിജയം 5 വിക്കറ്റിന്

ഏതൊക്കെ വിദേശ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തും എന്നതാവും ഇരു ടീമുകളുടെയും പ്രധാന തലവേദന. ഷിംറോൺ ഹെട്‌മെയർ, മാർക്കസ് സ്റ്റോയിനിസ്, കഗീസോ റബാഡ, സന്ദീപ് ലമിച്ഛാനെ, അലക്സ് കാരി, ആൻറിച്ച് നോർജെ, ഡാനിയൽ സാംസ്, കീമോ പോൾ എന്നിവരാണ് ഡെൽഹി ക്യാപിറ്റൽസിലെ വിദേശികൾ. ഇതിൽ റബാഡ മാത്രമാണ് ഫൈനൽ ഇലവനിൽ ഉറപ്പുള്ളത്. ദുബായ് പേസ് ബൗളിംഗിനെ തുണക്കുന്ന പിച്ച് ആണെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാർക്കസ് സ്റ്റോയിനിസും ആൻറിച്ച് നോർജെയും ടീമിൽ ഉൾപ്പെട്ടേക്കാം. സ്പിൻ ഡിപ്പാർട്ട്മെൻ്റിൽ അശ്വിനും അക്സർ പട്ടേലും ഉള്ളതുകൊണ്ട് തന്നെ ലമിച്ഛാനെ ടീമിൽ ഇടം നേടാൻ സാധ്യതയില്ല. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ ഉജ്ജ്വല സെഞ്ചുറി നേടിയ അലക്സ് കാരി ഷിംറോൺ ഹെട്മെയറിനു വെല്ലുവിളിയാകും. എങ്കിലും ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായി ഉള്ളതുകൊണ്ട് തന്നെ ഹെട്മെയർ തന്നെ കളിക്കാനാണ് സാധ്യത.

Read Also : ഐപിഎൽ മാച്ച് 1: മുംബൈയെ പിടിച്ചുകെട്ടി ചെന്നൈ; 163 റൺസ് വിജയലക്ഷ്യം

ക്രിസ് ഗെയിൻ, നിക്കോളാസ് പൂരാൻ, ഗ്ലെൻ മാക്സ്‌വെൽ, നിക്കോളാസ് പൂരാൻ, മുജീബ് റഹ്മാൻ, ക്രിസ് ജോർഡൻ, ഷെൽഡൻ കോട്രൽ, ഹാർഡസ് വിൽജോൺ എന്നിവരാണ് കിംഗ്സ് ഇലവനിലെ വിദേശികൾ. ഇവരിൽ ഗ്ലെൻ മാക്സ്‌വെൽ മാത്രമാണ് ഫൈനൽ ഇലവൻ സ്ഥാനം ഉറപ്പിച്ചിട്ടുള്ളൂ. സാക്ഷാൽ ക്രിസ് ഗെയിൽ ഉൾപ്പെടെയുള്ള മറ്റു താരങ്ങൾ സംശയത്തിലാണ്. ഗെയിലോ പൂരാനോ എന്നതാണ് മില്ല്യൺ ഡോളർ ചോദ്യം. ഇവരിൽ ആരെങ്കിലും ഒരാൾ പുറത്തിരിക്കും. മൂന്ന് പേസർമാരിൽ രണ്ട് പേർക്ക് മാത്രമേ ടീമിൽ ഇടം നേടാനാവൂ. രണ്ട് പേസർമാർ കളിച്ചാൽ മുജീബ് പുറത്താവും. ഓൾറൗണ്ടർ എന്ന ആനുകൂല്യം ജോർഡനു തുണയാകും. വിൽജോൺ, കോട്രൽ, മുജീബ് എന്നിവർ തന്നിൽ ഒരു ത്രികോണ മത്സരം നടക്കും. പേസർമാരെ തുണക്കുന്ന പിച്ച് ആയതുകൊണ്ട് തന്നെ മുജീബാവും പുറത്തിരിക്കുക. അതേ സമയം, ഏത് പിച്ചിലും എഫക്ടീവാകാൻ കഴിവുള്ളതു കൊണ്ട് അഫ്ഗാൻ സ്പിന്നർ കളിച്ചേക്കാനും സാധ്യത നിലനിൽക്കുന്നു. കരുൺ നായർ, സർഫറാസ് ഖാൻ, മന്ദീപ് സിംഗ് എന്നിവരിൽ രണ്ട് പേർ മാത്രമേ കളിക്കൂ. സ്ലോഗ് ഓവറുകളിൽ തകർത്തടിക്കാൻ കഴിയുന്നതിനാൽ സർഫറാസും മന്ദീപും തന്നെ കളിച്ചേക്കും.

Story Highlights IPL match 2 DC vs KXIP preview

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top