മന്ത്രി കെ.ടി.ജലീൽ രാജി വയ്‌ക്കേണ്ട കാര്യമില്ല; ആവർത്തിച്ച് കാനം രാജേന്ദ്രൻ

മന്ത്രി കെ.ടി.ജലീൽ രാജി വയ്‌ക്കേണ്ട കാര്യമില്ലെന്ന് ആവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോടതി പരാമർശം വന്നപ്പോൾ മുൻപ് മന്ത്രിമാർ മാറി നിന്നിട്ടുണ്ട്. ജുഡീഷ്യൽ കമ്മീഷൻ വന്നിട്ടും മാറി നിൽക്കാതെയുള്ള കീഴ്‌വഴക്കം ഉമ്മൻ ചാണ്ടിയാണ് തുടങ്ങിവച്ചതെന്ന് കാനം ആരോപിച്ചു.
സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നടക്കുന്നുണ്ടെന്നും അന്വേഷണം ബിജെപിയുടെ രാഷ്ട്രീയ നീക്കമാണെന്നും കാനം കൂട്ടിച്ചേർത്തു. അന്വേഷണം ആവശ്യപ്പെട്ടത് ഏജൻസികൾക്ക് കൊള്ളരുതായ്മ കാണിക്കാനല്ലെന്നും കാനം പറയുന്നു. പാഴ്‌സൽ അയച്ചവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. മാസങ്ങളായി അന്വേഷണത്തിൽ പുരോഗതിയില്ലെന്നും കാനം പറയുന്നു.
അതേസമയം, സർക്കാർ പരിപാടികളിൽ നിന്ന് പാർട്ടി പ്രതിനിധികളെ പതിവായി ഒഴിവാക്കുന്നതായി സിപിഐ ആരോപിച്ചു. ശ്രീനാരായണ ഗുരുവിന്റെ പൂർണകായ പ്രതിമയുടെ അനാച്ഛാദന ചടങ്ങിലും പതിവ് ശീലം ആവർത്തിച്ചത് പ്രതിഷേധാർഹമെന്ന് സിപിഐ ജില്ലാ നേതൃത്വം പരസ്യമായി പ്രതികരിച്ചു. എന്നാൽ പരിപാടിയിലേക്ക് സിപിഐ പ്രതിനിധികളെ ക്ഷണിച്ചിരുന്നതായും പിണങ്ങി മാറിനിൽക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും മന്ത്രി കടകംപളളി സുരേന്ദ്രൻ പ്രതികരിച്ചു. വിഷയം രാഷ്ട്രീയ പ്രശ്‌നമല്ലെന്നും ഔചിത്യമില്ലായ്മയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.
സർക്കാർ സ്ഥാപിച്ച ശ്രീനാരായണഗുരുവിന്റെ പൂർണകായ പ്രതിമയുടെ അനാച്ഛാദന ചടങ്ങാണ് സിപിഐയുടെ പരസ്യ പ്രതിഷേധത്തിന് ഇടയാക്കിയത്. ഡെപ്യൂട്ടി സ്പീക്കർ വി ശശി, മുൻമന്ത്രിയും എംഎൽഎയുമായ സി ദിവാകരൻ എന്നിവരെ ചടങ്ങിൽ നിന്ന് ബോധപൂർവം ഒഴിവാക്കുകയായിരുന്നുവെന്ന് സിപിഐ ജില്ലാ നേതൃത്വം പ്രതികരിച്ചു. ആദ്യം പുറത്തിറക്കിയ പരിപാടിയുടെ പ്രചരണ നോട്ടിസിൽ സിപിഐ പ്രതിനിധികൾ ആരുമുണ്ടായിരുന്നില്ല. എന്നാൽ, സിപിഐയുടെ പ്രതിഷേധത്തെത്തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ വി ശശിയുടെ പേരുൾപ്പെടുത്തി മറ്റൊരു നോട്ടിസിറക്കിയിരുന്നു. ഇതിൽ, ആശംസാ പ്രാസംഗികനായാണ് ശശിയെ ഉൾപ്പെടുത്തിയത്. കാഴ്ചക്കാരും കേൾവിക്കാരും മാത്രമായി ഇരിക്കാൻ തങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഐ പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തു. പാർട്ടിയെ ഒഴിവാക്കിയത് ഔചിത്യമില്ലായ്മയെന്നായിരുന്നു കാനം രാജേന്ദ്രൻറെ പ്രതികരണം.
Story Highlights – kt jaleel no need to resign says kanam rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here