ഷാർജയിൽ സഞ്ജുവിന്റെ സിക്സർ മഴ; ചെന്നൈക്ക് 217 റൺസ് വിജയലക്ഷ്യം

രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 217 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 7 വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു. 74 റൺസെടുത്ത മലയാളി താരം സഞ്ജു സാംസൺ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 69 റൺസെടുത്തു. സഞ്ജു-സ്മിത്ത് സഖ്യം നൽകിയ വിസ്ഫോടനാത്മക തുടക്കം മുതലെടുക്കാൻ മധ്യനിരക്ക് സാധിച്ചില്ലെങ്കിലും അവസാന ഓവറിൽ ജോഫ്ര ആർച്ചർ നടത്തിയ ചില കൂറ്റനടികളാണ് രാജസ്ഥാൻ്റെ സ്കോർ 200 കടത്തിയത്. ചെന്നൈക്കായി സാം കറൻ 3 വിക്കറ്റ് വീഴ്ത്തി.
Read Also : ഐപിഎൽ മാച്ച് 4: റായുഡു കളിക്കില്ല; രാജസ്ഥാൻ ബാറ്റ് ചെയ്യും
യുവതാരം യശസ്വി ജയ്സ്വാളിനൊപ്പം ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ഓപ്പൺ ചെയ്യാനെത്തിയത്. ദീപക് ചഹാർ എറിഞ്ഞ മൂന്നാം ഓവറിൽ ബൗണ്ടറി നേടി യശ്വസി പ്രതീക്ഷ നൽകിയെങ്കിലും തൊട്ടടുത്ത പന്തിൽ താരം മടങ്ങി. 6 റൺസെടുത്ത താരത്തെ സ്വന്തം പന്തിൽ ചഹാർ പിടികൂടുകയായിരുന്നു.
രണ്ടാം വിക്കറ്റിൽ സഞ്ജു ക്രീസിലെത്തി. സാം കറൻ എറിഞ്ഞ അഞ്ചാം ഓവറിലെ തുടർച്ചയായ പന്തുകളിൽ ഫോറും സിക്സറുമടിച്ചാണ് മലയാളി താരം ചെന്നൈ മർദ്ദനം ആരംഭിച്ചത്. ആ ഒരു ബൗണ്ടറി മാത്രമാണ് തൻ്റെ ആകെ ഇന്നിംഗ്സിൽ സഞ്ജു നേടിയത്. ചഹാർ എറിഞ്ഞ ആറാം ഓവറിൽ ഒരു സിക്സ് നേടിയ താരം ജഡേജ എറിഞ്ഞ അടുത്ത ഓവറിൽ തുടർച്ചയായി രണ്ട് തവണ ബൗണ്ടറി ക്ലിയർ ചെയ്തു. ചൗളയ്ക്കെതിരെ അടുത്ത ഓവറിൽ തുടർച്ചയായ രണ്ട് സിക്സറുകൾ സഹിതം നേടിയത് ആകെ മൂന്ന് സിക്സറുകൾ. ആ ഓവറിൽ 19 പന്തുകളിൽ സഞ്ജു ഫിഫ്റ്റി തികച്ചു. ആ ഓവറിൽ സ്മിത്തും ഒരു തവണ ബൗണ്ടറി ക്ലിയർ ചെയ്തു. 28 റൺസാണ് എട്ടാം ഓവറിൽ പിറന്നത്. ചൗളയുടെ അടുത്ത ഓവറിൽ വീണ്ടും ഒരു സിക്സ്. ജഡേജയുടെ ഓവറിൽ വീണ്ടും ഒന്ന്. 32 പന്തുകളിൽ 9 സിക്സറും ഒരു ബൗണ്ടറിയും അടക്കം 73 റൺസെടുത്ത സഞ്ജുവിനെ എങ്കിഡിയാണ് പുറത്താക്കിയത്. ദീപക് ചഹാറിനു പിടികൊടുത്ത് മടങ്ങുമ്പോൾ സഞ്ജു സ്മിത്തുമായി രണ്ടാം വിക്കറ്റിൽ 121 റൺസിൻ്റെ കൂട്ടുകെട്ട് ഉയർത്തിയിരുന്നു.
Read Also : എന്റർടെയിന്മെന്റും മികച്ച കളിയും; റോയൽ ചലഞ്ചേഴ്സ് ജയത്തോടെ തുടങ്ങി
ഇതിനിടെ സ്മിത്ത് 35 പന്തുകളിൽ അർദ്ധസെഞ്ചുറി തികച്ചു. പിന്നീട് ബാറ്റ്സ്മാന്മാർ വന്നും പോയിയുമിരുന്നു. ഡേവിഡ് മില്ലർ ഒരു പന്ത് പോലും നേരിടാതെ റണ്ണൗട്ടായപ്പോൾ റോബിൽ ഉത്തപ്പ (5) ചൗളയുടെ പന്തിൽ ഡുപ്ലെസിസിൻ്റെ കൈകളിൽ അവസാനിച്ചു. രാഹുൽ തെവാട്ടിയയെ (10) സാം കറൻ വിക്കറ്റിനു മുന്നിൽ കുരുക്കി. റിയാൻ പരഗ് (6) സാം കറൻ്റെ പന്തിൽ ധോണിയുടെ കൈകളിൽ അവസാനിച്ചു. 19ആം ഓവറിൽ സാം കറൻ സ്റ്റീവ് സ്മിത്തിനെ കേദാർ ജാദവിൻ്റെ കൈകളിൽ എത്തിച്ചു. 47 പന്തിൽ 69 റൺസെടുത്തതിനു ശേഷമാണ് സ്മിത്ത് മടങ്ങിയത്.
ലുങ്കി എങ്കിഡി എറിഞ്ഞ അവസാന ഓവറിൽ ആർച്ചറുടെ നാല് സിക്സറുകളും രണ്ട് നോ ബോളുകളും ഒരു വൈഡും സഹിതം 30 റൺസാണ് റോയൽസ് അടിച്ചു കൂട്ടിയത്.
Story Highlights – Chennai Super Kings vs Rajasthan Royals first innings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here