ഡൽഹിയിൽ പിടിയിലായ ചൈനീസ് പൗരന്റെ ലക്ഷ്യം ദലൈലാമയെന്ന് കണ്ടെത്തൽ; ബുദ്ധ സന്ന്യാസിമാരുമായി വൻതോതിൽ പണമിടപാട്

ഡൽഹിയിൽ കഴിഞ്ഞ മാസം പിടിയിലായ ചൈനീസ് പൌരൻ ലക്ഷ്യമിട്ടത് ദലൈലാമയെയെന്ന് അന്വേഷണ എജൻസികൾക്ക് വിവരം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടിയ ചാർളി പെങ് ഇന്ത്യയിലെ ബുദ്ധ സന്ന്യാസിമാർക്ക് വൻതോതിൽ പണം കൈമാറിയതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹിയിലും കർണാടകയിലുമായി മുപ്പതോളം സന്ന്യാസിമാരെ പൊലീസ് ചോദ്യം ചെയ്തു. ദുരൂഹമായ ഇയാളുടെ ബന്ധങ്ങളെ കുറിച്ചുള്ള വിശദമായ അന്വേഷണമാണ് ടിബറ്റുകാരായ ബുദ്ധ സന്ന്യാസിമാർക്ക് പണം കൈമാറിയതായ കണ്ടെത്തലുകളിലേയ്ക്ക് നയിച്ചത്.
ചൈനീസ് പൗരൻ ഇന്ത്യയിലെ ബുദ്ധ സന്ന്യാസിമാർക്ക് വൻതോതിൽ പണം കൈമാറിയതായി സ്ഥിരീകരിച്ച എജൻസികൾ ഇയാളുടെ ലക്ഷ്യം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ദലൈലാമയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ഇയാളുടെ ദൗത്യം എന്നാണ് ഇതുവരെ നടത്തിയ അന്വേഷണത്തിലെ വിവരം.
Read Also : ‘ആരോഗ്യസ്ഥിതിക്ക് കുഴപ്പമില്ല, 110 വയസുവരെ ജീവിക്കും’; ആയുസ് പ്രവചിച്ച് ദലൈലാമ
നിലവിലെ ദലൈലാമയുടെ പിൻഗാമിയായി ഒരു ചൈനക്കാരനെ പിന്തുണക്കാനും ബുദ്ധ സന്ന്യാസിമാരോട് ആവശ്യപ്പെട്ടു. ഒട്ടേറെ ഷെൽ കമ്പനികളിലൂടെയാണ് ലുവോ സാങ് ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിച്ചിരുന്നത്. ഇയാൾ എസ് കെ ട്രേഡിംഗ് എന്ന അക്കൗണ്ടിലൂടെയാണ് ബുദ്ധ സന്ന്യാസിമാർക്ക് പണം നൽകിയിരിക്കുന്നത് എന്നും തെളിഞ്ഞു.
30 ലക്ഷം മുതൽ ഏഴ് ലക്ഷം വരെ പല സന്ന്യാസിമാരുടെയും അക്കൗണ്ടുകളിൽ എത്തി. പണം കൈമാറിയെന്ന വിവരങ്ങൾ കണ്ടെത്തിയതോടെ ഡൽഹിയിലും കർണാടകയിലുമായി മുപ്പതോളം സന്ന്യാസിമാരെ പൊലീസ് ചോദ്യം ചെയ്തു. അതേസമയം പണം കൈപറ്റിയത് സമ്മതിച്ചെങ്കിലും കുടുംബാംഗങ്ങളും സുഹൃത്തുക്കളും അയച്ചു നൽകിയതാണെന്നാണ് ഇപ്പോഴും സന്യാസിമാർ വാദിക്കുന്നത്.
Story Highlights – dalai lama, china
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here