കിടിലൻ ഫിഫ്റ്റിയുമായി രോഹിത്; കൊൽക്കത്തയ്ക്ക് 196 റൺസ് വിജയലക്ഷ്യം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ അഞ്ചാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 196 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ നഷ്ടത്തിൽ 195 റൺസ് ആണ് നേടിയത്. ഒരു ഘട്ടത്തിൽ 200 കടക്കുമെന്ന് ഉറപ്പിച്ച സ്കോർ ഡെത്ത് ഓവറിൽ ഉജ്ജ്വലമായി പന്തെറിഞ്ഞ കൊൽക്കത്ത ബൗളർമാരാണ് നിയന്ത്രിച്ചത്. 80 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് മുംബൈയുടെ ടോപ്പ് സ്കോറർ. 47 റൺസെടുത്ത സൂര്യകുമർ യാദവും മുംബൈക്കായി തിളങ്ങി. കൊൽക്കത്തക്ക് വേണ്ടി യുവതാരം ശിവം മവി 2 വിക്കറ്റ് വീഴ്ത്തി.
Read Also : ഐപിഎൽ മാച്ച് 5: മുംബൈക്ക് ബാറ്റിംഗ്; കൊൽക്കത്തയിൽ സന്ദീപ് വാര്യർ കളിക്കും
കൊൽക്കത്തക്ക് വേണ്ടി ബൗളിംഗ് ഓപ്പൺ ചെയ്തത് മലയാളി താരം സന്ദീപ് വാര്യർ ആയിരുന്നു. രണ്ടാം ഓവർ എറിഞ്ഞ ശിവം മവി കൊൽക്കത്തക്ക് ആദ്യ ബ്രേക്ക്‌ത്രൂ നൽകി. ക്വിൻ്റൺ ഡികോക്കിനെ (1) നിഖിൽ നായ്കിൻ്റെ കൈകളിൽ എത്തിച്ചാണ് മവി മുംബൈക്ക് ആദ്യ പ്രഹരം ഏല്പിച്ചത്. രണ്ടാം വിക്കറ്റിൽ സൂര്യകുമാർ യാദവ് ക്രീസിൽ എത്തിയതോടെ സ്കോർ ഉയരാൻ തുടങ്ങി. ആക്രമണ മൂഡിൽ കളിച്ച യാദവിന് പിന്തുണ നൽകുന എന്ന ജോലിയാണ് രോഹിതിനു ചെയ്യാനുണ്ടായിരുന്നത്. ഇരുവരും തമ്മിൽ 90 റൺസിൻ്റെ കൂട്ടുകെട്ടുർത്തി. റണ്ണൗട്ടിൻ്റെ രൂപത്തിലാണ് കൊൽക്കത്ത ഈ കൂട്ടുകെട്ട് പൊളിച്ചത്. 28 പന്തുകളിൽ 47 റൺസെടുത്ത സൂര്യകുമാർ യാദവ് ആണ് പുറത്തായത്.
ഇതിനിടെ രോഹിത് ശർമ്മ സീസണിലെ തൻ്റെ ആദ്യ ഫിഫ്റ്റി തികച്ചു. 39 പന്തുകളിലാണ് മുംബൈ ക്യാപ്റ്റൻ അർധസെഞ്ചുറി കുറിച്ചത്. ഏറെ വൈകാതെ നരേൻ്റെ പന്തിൽ കൂറ്റൻ ഷോട്ടിനു ശ്രമിച്ച സൗരഭ് തിവാരി (21) കമ്മിൻസിനു പിടികൊടുത്ത് മടങ്ങി. ഏറെ വൈകാതെ രോഹിത് ശർമ്മയും പുറത്തായി. ശിവം മവിയുടെ പന്തിൽ പാറ്റ് കമ്മിൻസ് പിടിച്ചാണ് രോഹിത് മടങ്ങിയത്. 54 പന്തുകളിൽ മൂന്ന് ബൗണ്ടറിയും 6 സിക്സറുകളും സഹിതം 80 റൺസെടുത്തതിനു ശേഷമാണ് മുംബൈ ക്യാപ്റ്റൻ പുറത്തായത്.
Read Also : മുംബൈക്ക് ട്രാക്ക് മാറ്റണം; കൊൽക്കത്ത ഫൈനൽ ഇലവനിൽ മലയാളി താരം ഉറപ്പില്ല
ആന്ദ്രേ റസൽ എറിഞ്ഞ 19ആം ഓവറിൽ ഹർദ്ദിക് പാണ്ഡ്യ പുറത്തായത് മുംബൈക്ക് തിരിച്ചടിയായി. 18 റൺസെടുത്ത പാണ്ഡ്യ ഹിറ്റ്‌വിക്കറ്റ് ആവുകയായിരുന്നു. ശിവം മവി എറിഞ്ഞ അവസാന ഓവറിൽ 13 റൺസ് മാത്രമേ മുംബൈക്ക് സ്കോർ ചെയ്യാനായുള്ളൂ. പൊള്ളാർഡ് (13), കൃണാൽ പാണ്ഡ്യ (1) എന്നിവർ പുറത്താവാതെ നിന്നു.
Story Highlights – Mumbai Indians Kolkata Knight Riders first innings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here