Advertisement

ഇന്ന് സുശാന്ത്, അന്ന് സിൽക്ക് സ്മിത; രണ്ടുപേരുടേയും മരണകാരണം സമാനം; സുശാന്തിന്റെ ഘാതകർക്കായി മുറവിളി കൂട്ടുമ്പോഴും അവഗണിക്കപ്പെട്ട് സിൽക്ക് സ്മിത

September 23, 2020
3 minutes Read
silk smitha death shrouds in mystery

മരണം കവർന്നെടുത്ത് 24 വർഷങ്ങൾ കഴിയുമ്പോഴും സിൽക്ക് സ്മിത എന്ന പേര് ഇന്നും ദുരൂഹതകളാൽ നിറഞ്ഞ് നിൽക്കുന്നു. വിഷാദത്തിനും, മാനസിക സംഘർഷങ്ങൾക്കുമൊടുവിൽ 1996 ൽ സിൽക്ക് സ്മിത ജീവനൊടുക്കുമ്പോൾ അവരുടെ പ്രായം വെറും 34 വയസ്സ്. സമാന കാരണങ്ങളാൽ തന്നെ ബോളിവുഡ് താരം സുശാന്ത് സിംഗ് ജീവനൊടുക്കിയപ്പോൾ താരത്തിന്റെ പ്രായവും കൃത്യം 34 വയസ്. പക്ഷേ സുശാന്തിന്റെ മരണത്തെ കുറിച്ച് അന്വേഷണവും, സുശാന്തിന്റെ ഘാതകർക്ക് വേണ്ടിയുള്ള മുറവിളിയും അലയടിക്കുമ്പോൾ കാൽ നൂറ്റാണ്ടോളമായി നീതി നിഷേധത്തിന്റെ മറ്റൊരു പേരായി മാറുന്നു സിൽക്ക് സ്മിത.

ശരീരവടിവുകൊണ്ടും ചടുലമായ നൃത്തചുവടുകൾകൊണ്ടും തെന്നിന്ത്യയെ ഇളക്കി മറിച്ചു സിൽക്ക്. തന്റെ ശരീരം മാത്രമാണ് ആഘോഷിക്കപ്പെടുന്നതെന്ന തിരിച്ചറിവ് നൽകിയ ആഘാതമാണ് സിൽക്കിനെ സ്വയം ഇല്ലാതാക്കാൻ പ്രേരിപ്പിച്ചത്. സിൽക്ക് അഭിനയിച്ച് ത്രില്ലടിപ്പിച്ച രംഗങ്ങൾ അവരുടെ മനസിനെ എത്രത്തോളം ആഴത്തിൽ മുറിപ്പെടുത്തിയിരുന്നുവെന്ന് ജീവനൊടുക്കിയ ശേഷം മാത്രമാണ് പ്രേക്ഷകർ തിരിച്ചറിഞ്ഞത്. അത് വൈകിയെത്തിയ ഒരു തിരിച്ചറിവ് മാത്രമായിരുന്നു.

വിജയലക്ഷ്മിയിൽ നിന്ന് സിൽക്കിലേക്ക്….

ആന്ധ്രാ സ്വദേശിനിയായ വിജയലക്ഷ്മിയാണ് പിന്നീട് തെന്നിന്ത്യയെ ഇളക്കി മറിച്ച സിൽക്ക് സ്മിതയായത്. രാമല്ലുവിന്റേയും സരസമ്മയുടേയും മകളായി ജനിച്ച വിജയലക്ഷ്മി സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം നാലാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. ചെറിയ പ്രായത്തിൽ തന്നെ ഡാൻസിന്റെ ലോകത്തേക്ക് വിജയലക്ഷ്മി എത്തി. ആരും അഭ്യസിക്കാതെ തന്നെ നൃത്തത്തിന്റെ പുതിയ ചുവടുകൾ അവൾ സ്വയം പഠിച്ചെടുത്തു. സിനിമ തന്റെ ലോകമാകുമെന്നൊന്നും വിജയലക്ഷ്മി സ്വപ്‌നം കണ്ടിരുന്നില്ല. ജീവിത സാഹചര്യങ്ങളായിരുന്നു നിറപ്പകിട്ടുള്ള സിനിമാ ലോകത്തേക്ക് വിജയലക്ഷ്മിയെ എത്തിച്ചത്.

വിനു ചക്രവർത്തി രചിച്ച വണ്ടി ചക്രം എന്ന ചിത്രത്തിലൂടെയായിരുന്നു വിജയലക്ഷ്മിയുടെ സിനിമാ പ്രവേശനം. ഒരു നടിയെ വേണമെന്ന ആവശ്യവുമായി സിനിമയുടെ നിർമാതാവ് വിനു ചക്രവർത്തിയെ സമീപിച്ചിരുന്നു. ഈ സിനിമയിലേക്ക് അവസരം തേടിയെത്തിയ നിരവധി പെൺകുട്ടികളിൽ ഒരാളായിരുന്നു വിജയലക്ഷ്മി. അതീവ വശ്യതയുള്ള വിജയലക്ഷ്മിയുടെ കണ്ണുകളാണ് തന്റെ ശ്രദ്ധയിൽപ്പെടാൻ കാരണമെന്ന് വിനു ചക്രവർത്തി പിന്നീട് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. അഭിനയിക്കാൻ ക്യാമറയ്ക്ക് മുന്നിലെത്തിയ വിജയലക്ഷ്മിയുടെ ഭാവം തന്നെ മാറി. ക്യാമറയ്ക്ക് മുന്നിൽ പ്രത്യേക ശരീരഭാഷയായിരുന്നു അവൾക്ക്. കണ്ണുകൾക്കും ശരീരഭാഷയ്ക്കും ഇത്രയും ഭംഗിയുള്ള ഒരു പെൺകുട്ടിയെ അടുത്തകാലത്തൊന്നും ഇന്ത്യൻ സിനിമയിൽ കണ്ടിട്ടില്ലെന്നായിരുന്നു വിനു ചക്രവർത്തി അഭിപ്രായപ്പെട്ടത്.

അങ്ങനെ വണ്ടി ചക്രത്തിലേക്ക് ആ പെൺകുട്ടി തെരഞ്ഞെടുക്കപ്പെട്ടു. വണ്ടി ചക്രത്തിൽ സിൽക്ക് എന്ന ബാർ ഡാൻസറുടെ വേഷമായിരുന്നു വിജയലക്ഷ്മിക്ക്. ചെറുപ്പത്തിലെ സ്മിത എന്ന പേരിനൊപ്പം സിൽക്കും ചേർന്നതോടെ വിജയലക്ഷ്മി ‘സിൽക്ക് സ്മിത’യായി. മൂന്നാംപിറ എന്ന സിനിമയിലെ ധീരമായ വേഷവും നൃത്തവും സിൽക്കിനെ പ്രശസ്തിയിലേക്ക് ഉയർത്തി. തുടർന്നുള്ള പതിനഞ്ച് വർഷത്തോളം തെന്നിന്ത്യൻ മസാല പടങ്ങളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു സിൽക്ക്. 450 ഓളം ചിത്രങ്ങളിൽ സിൽക്ക് സ്മിത അഭിനയിച്ചു. സ്ഫടികത്തിൽ സിൽക്ക് സ്മിത അഭിനയിച്ച ‘ഏഴിമല പൂഞ്ചോല’ എന്ന ഗാനം അന്നും ഇന്നും എന്നും മലയാളികളുടെ മനസിലുണ്ടാകും.

സിൽക്ക് സ്മിതയുടെ മരണം…

സിൽക്ക് സ്മിത ജീവിതം അവസാനിപ്പിച്ചത് ഞെട്ടലോടെയായിരുന്നു അന്ന് സിനിമാ ലോകം കേട്ടത്. പ്രണയനൈരാശ്യം, സാമ്പത്തിക പ്രശ്‌നങ്ങൾ എന്നിവ അവരെ കടുത്ത വിഷാദത്തിലേക്കും മാനസിക സംഘർഷത്തിലേക്കും നയിച്ചിരുന്നു. 1996 സെപ്റ്റംബർ 23ന് രാവിലെ സുഹൃത്ത് അനുരാധയെ സിൽക്ക് സ്മിത വിളിച്ചിരുന്നു. തന്റെ വിഷമങ്ങളെ കുറിച്ച് പങ്കുവയ്ച്ചിരുന്നു. തന്റെ കുട്ടിയെ സ്‌കൂളിലാക്കി സ്മിതയുടെ ഫഌറ്റിലെത്തിയ അനുരാധ കണ്ടത് മരിച്ചുകിടക്കുന്ന സിൽക്ക് സ്മിതയെയാണ്.

മരിക്കുന്നതിന് മുമ്പ് താരം കന്നഡ നടനും സുഹൃത്തുമായ രവിചന്ദ്രനെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി അദ്ദേഹം ഒരു കന്നഡ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. തിരക്കായതിനാൽ അന്ന് ആ ഫോൺകോൾ എടുക്കാൻ സാധിച്ചില്ല. എന്തായിരിക്കാം അവസാന നിമിഷം അവർ പറയാൻ ആഗ്രഹിച്ചിരുന്നത് എന്ന ചിന്ത തന്നെ ഇപ്പോഴും അലട്ടുന്നതായി അദ്ദേഹം പ്രതികരിച്ചു.

അവരുടെ മരണത്തിന് പിന്നിലെ കാരണങ്ങൾ ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ജീവിച്ചിരുന്നപ്പോൾ വേണ്ട രീതിയിൽ പരിഗണിക്കപ്പെട്ടില്ല സ്മിത. മാദകറാണി എന്നതിനപ്പുറത്തേക്കൊന്നും സിൽക്ക് സ്മിതയുടെ പേര് ഉയർന്നുവന്നില്ല. അവൾക്ക് അത് മതിയെന്ന്, അവളെ കൊണ്ട് അതേ കഴിയൂ എന്ന ചിലരുടെ തീരുമാനത്തിന് സ്മിത നിർബന്ധപൂർവം വഴങ്ങുകയായിരുന്നോ എന്നും അറിയില്ല.

സ്മിതയുടെ ജീവത്തിലുടനീളം അനുഭവിച്ച ഇരട്ടത്താപ്പ് മരണാനന്തരവും അവരെ വേട്ടയാടുന്നു…

ജീവിതത്തിലുടനീളം ഇരട്ടത്താപ്പ് നയങ്ങളുടെ ഇരയായിരുന്നു സിൽക്ക് സ്മിത. പൊതുവേദികളിൽ അവരോട് സംസാരിക്കാൻ പോലും മടിച്ചിരുന്ന പലയാളുകളും ഒളിഞ്ഞിരുന്ന് അവരോട് അടുക്കാൻ ശ്രമിച്ചിട്ടുണ്ട്. പൊതുമധ്യത്തിൽ വെറും മാദകറാണിയെന്ന് ആക്ഷേപിക്കുമ്പോഴും ആരും കാണാതെ അവരെ കണ്ടാസ്വദിച്ചവരാണ് പലരും. മരണ ശേഷവും സ്ഥിതി മറ്റൊന്നായിരുന്നില്ല…

ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നിലെ ഘാതകരാരെന്ന ചോദ്യവും അമർഷവും ഇപ്പോഴും അലയടിക്കുകയാണ്. താരത്തിന് മയക്കുമരുന്നുകൾ നൽകിയെന്ന ആരോപണത്തിന്റെ പേരിൽ ക്രൂരമായ മാധ്യമ വിചാരണകൾക്കും പൊതുജനങ്ങളുടെ അവഹേളനങ്ങൾക്കും റിയാ ചക്രബർത്തി ഇരയാകുമ്പോഴും സിൽക്കിന്റെ മരണത്തിലേക്ക് നയിച്ചത് ആരെന്ന് പോലും കണ്ടെത്താൻ കാൽ നൂറ്റാണ്ടിനിപ്പുറവും ആർക്കും താത്പര്യമില്ല, അമർഷമില്ല…സുശാന്ത് സിംഗിന്റെ വിഷയം പരിഗണിക്കുമ്പോൾ മരണപ്പെട്ടത് പൊതുജനമധ്യത്തിൽ ആരാധിക്കപ്പെട്ട ‘നടൻ’ എന്ന ആനുകൂല്യം അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. എതിർ സ്ഥാനത്ത് റിയാ ചക്രബർത്തിയെന്ന ‘സ്ത്രീയാണ’ എന്നത് ഉയർന്നുവരുന്ന ചൂണ്ടുവിരലുകളുടെ എണ്ണം കൂട്ടും.. സിൽക്ക് സ്മിതയുടെ വിഷയത്തിൽ മരണപ്പെട്ടത് ‘മാദകസുന്ദരി’ എന്ന ലേബലിൽ ‘ഒതുങ്ങിയ’ സ്ത്രീയും എതിർ സ്ഥാനത്ത് പുരുഷസമൂഹവുമാണ്. അതുകൊണ്ടാകണം സിൽക്ക് സ്മിതയുടെ മരണകാരണം ഇന്നും അജ്ഞാതമായി തുടരുന്നത്.

പുരുഷന്മാർ ആത്മഹത്യ ചെയ്യുമ്പോൾ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ കൊലപാതകിയാക്കി ചിത്രീകരിക്കാനുള്ള ആവേശം പൊതുസമൂഹത്തിന് അൽപ്പം കൂടുതലായിരിക്കും. നടി രേഖയുടെ ഭർത്താവ് ആത്മഹത്യ ചെയ്തപ്പോൾ രേഖയ്ക്കും അനുഭവിക്കേണ്ടി വന്നത് ഇന്ന് റിയ കടന്നുപോകുന്ന സമാന സാഹചര്യങ്ങൾ തന്നെയായിരുന്നു. എന്നാൽ സിനിമാ ലോകത്തെ പുരുഷാധിപത്യവും അവർക്കുണ്ടായ മാനസിക സംഘർഷവും കാരണം ആത്മഹത്യ ചെയ്ത നടിമാരുടേയെല്ലാം കേസുകൾ എവിടെ എത്തി നിൽക്കുന്നു ?

മരണം അതാരുടെയാണെങ്കിലും അതിന് പിന്നിലെ സത്യം പുറത്തുവരിക തന്നെ വേണം. പക്ഷേ പ്രതിസ്ഥാനത്ത് സ്ത്രീകൾ വരുമ്പോൾ പൊതുസമൂഹത്തിനുണ്ടാകുന്ന അമിതാവേശമാണ് കുഴപ്പക്കാരൻ…അതാണ് തിരുത്തപ്പെടേണ്ടതും…

Story Highlights silk smitha death shrouds in mystery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top