ലൈഫ് പദ്ധതി; 14 ജില്ലകളിലായി 29 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം ഉദ്ഘാടനം ചെയ്തു

കിടപ്പാടമില്ലാത്ത പാവങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീട് ഒരുക്കുന്ന ലൈഫ് പദ്ധതിയുടെ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനുള്ള പ്രധാന ചുവടുവെയ്പ്പ് ഇന്നു നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 14 ജില്ലകളിലായി പണിയുന്ന 29 ഭവനസമുച്ചയങ്ങളുടെ നിര്‍മാണ ഉദ്ഘാടനം ഇന്നു നിര്‍വഹിച്ചു. 29 ഭവനസമുച്ചയങ്ങളിലായി 1285 കുടുംബങ്ങള്‍ക്കാണ് വീടു ലഭിക്കുക. മൊത്തം 181.22 കോടി രൂപ ചെലവുവരുന്ന ഈ സമുച്ചയങ്ങള്‍ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ലൈഫിന്റെ മൂന്നാം ഘട്ടമായാണ് ഭൂമിയോ വീടോ ഇല്ലാത്തവര്‍ക്ക് ഭവനസമുച്ചയങ്ങളില്‍ പാര്‍പ്പിടം നല്‍കുന്നത്. സ്ഥലം വാങ്ങി വീടുവെച്ചുകൊടുക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അതു ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. 1,35,769 ഗുണഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്. ഭവനസമുച്ചയങ്ങള്‍ക്ക് 300ഓളം സ്ഥലങ്ങള്‍ കണ്ടെത്തുകയും 101 എണ്ണം നിര്‍മിക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 12 സമുച്ചയങ്ങളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. 101 സമുച്ചയങ്ങളും ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകും.
ഭവനനിര്‍മാണരംഗത്ത് സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഇടപെടലാണ് കേരളത്തിന്റെ ലൈഫ്. തലചായ്ക്കാനിടമില്ലാത്ത ഒരു കുടുംബവും കേരളത്തില്‍ ഉണ്ടാകരുതെന്ന ദൃഢനിശ്ചയത്തിലാണ് ഈ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. ഇതിനകം തന്നെ 2,26,518 വീടുകള്‍ പൂര്‍ത്തിയാക്കി. ഒന്നരലക്ഷത്തോളം പേര്‍ക്കുള്ള വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്. സഹകരണ വകുപ്പ് കെയര്‍ഹോം പദ്ധതിയിലൂടെ രണ്ടായിരത്തിലേറെ വീടുകള്‍ നിര്‍മിച്ചു കൈമാറി. പട്ടികജാതി വകുപ്പ് 19,247 വീടുകളും പട്ടികവര്‍ഗ വകുപ്പ് 1,745 വീടുകളും ഫിഷറീസ് വകുപ്പ് 4,177 വീടുകളും പൂര്‍ത്തിയാക്കി. മൊത്തം 8,068 കോടി രൂപയാണ് ഇതുവരെ വീടുനിര്‍മാണത്തിനു വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത്. വ്യത്യസ്ത പദ്ധതികളുടെ പ്രയോജനം ഗുണഭോക്താക്കള്‍ക്കു ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
ലൈഫിലെ മൂന്നു ഘട്ടങ്ങളിലും ഉള്‍പ്പെടാതെ പോയ നിരവധി പേര്‍ വീടെന്ന സ്വപ്നവുമായി കഴിയുന്നുണ്ട്. അവരുടെ സ്വപ്നവും സര്‍ക്കാര്‍ സഫലമാക്കും. അതിനുവേണ്ടിയാണ് ലൈഫ് മിഷന്‍ അത്തരക്കാര്‍ക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചത്. തികച്ചും സുതാര്യമായ പ്രക്രിയയിലൂടെ ഗുണഭോക്തൃ പട്ടികയുണ്ടാക്കി അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സര്‍ക്കാര്‍ വീടു ലഭ്യമാക്കും. അധഃസ്ഥിതരുടെ ക്ഷേമത്തിന് വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന പരിപാടികളുടെ നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാനും കരിവാരിത്തേക്കാനും ചിലര്‍ രംഗത്തുണ്ട് എന്നത് വിസ്മരിക്കുന്നില്ല. ജനങ്ങള്‍ക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങളോ അപവാദ പ്രചാരണമോ കാരണം സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – life mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here