ലഹരിമരുന്ന് കേസ്: നടി ദീപിക പദുക്കോൺ ശനിയാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി ദീപിക പദുക്കോൺ അന്വേഷണ സംഘത്തിന് മുന്നിൽ ശനിയാഴ്ച ഹാജരാകും. നാളെ ഹാജരാകാനായിരുന്നു നിർദേശമെങ്കിലും നടി കൂടുതൽ സമയം ആവശ്യപ്പെടുകയിരുന്നു.

ദീപിക പദുക്കോൺ സമൻസ് കൈപ്പറ്റിയെന്നും, ശനിയാഴ്ച ഹാജരാകാൻ സന്നദ്ധത അറിയിച്ചുവെന്നും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വ്യക്തമാക്കി. ദീപികയുടെ മാനേജർ കരിഷ്മ പ്രകാശിനെയും, നടി രാകുൽ പ്രീത് സിംഗിനെയും നാളെ ചോദ്യം ചെയ്യും.

അതേസമയം, നടി റിയ ചക്രവർത്തിയുടെ ജാമ്യാപേക്ഷ ഈമാസം 29ന് ബോംബെ ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഒട്ടേറെ വിഷയങ്ങൾ ഉള്ള കേസാണെന്നും നിയമപ്രശ്‌നങ്ങളിൽ ഒന്നിന് പിറകെ ഒന്നായി മറുപടി നൽകണമെന്നും ഹൈക്കോടതി അഡീഷണൽ സോളിസിറ്റർ ജനറലിന് നിർദേശം നൽകി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് അന്വേഷിക്കാൻ അധികാരമില്ലെന്നും, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണവും സുപ്രിംകോടതി സിബിഐയ്ക്ക് വിട്ടതാണെന്നും റിയയുടെ അഭിഭാഷകൻ വാദിച്ചു.

Read Also : ബോളിവുഡ് ലഹരിമരുന്ന് കേസ്; ദീപിക പദുകോൺ അടക്കം നാല് പേർക്ക് സമൻസ്

അതിനിടെ ലഹരിമരുന്ന് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഷൊവിക് ചക്രവർത്തിയുടെയും, സുശാന്തിന്റെ പാചകക്കാരൻ ദീപേഷ് സാവന്തിന്റെയും കൂടുതൽ മൊഴിയെടുക്കാൻ അന്വേഷണസംഘത്തിന് മുംബൈയിലെ പ്രത്യേക എൻഡിപിഎസ് കോടതി അനുമതി നൽകി.

Story Highlights Deepika padukone, Drug case, Rhea chakraborty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top