‘പന്തടിച്ച് പൃഥ്വി ഷോ’; ചെന്നൈക്ക് 176 റൺസ് വിജയലക്ഷ്യം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ ഏഴാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ഡൽഹി ക്യാപിറ്റൽസിനെതിരെ 176 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡൽഹി 3 നഷ്ടത്തിലാണ് 175 റൺസ് നേടിയത്. ഡൽഹിക്കായി ഓപ്പണർ പൃഥ്വി ഷാ 64 റൺസ് നേടി ടോപ്പ് സ്കോററായി. ഋഷഭ് പന്ത് (37), ശിഖർ ധവാൻ (35) എന്നിവരും ഡൽഹി സ്കോറിലേക്ക് ശ്രദ്ധേയ സംഭാവനകൾ നൽകി. ചെന്നൈക്കായി പിയുഷ് ചൗള രണ്ട് വിക്കറ്റ് വീഴ്ത്തി.
Read Also : ഐപിഎൽ മാച്ച് 7: ഡൽഹി ബാറ്റ് ചെയ്യും
സാവധാനമാണ് ഡൽഹി തുടങ്ങിയത്. ലുങ്കിസാനി എങ്കിഡിക്ക് പകരമെത്തിയ ഹേസൽവുഡും സാം കറനും ദീപക് ചഹാറുമൊക്കെ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ പൃഥ്വി ഷായ്ക്കും ശിഖർ ധവാവും ഫ്രീയായി സ്കോർ ചെയ്യാനായില്ല. പവർ പ്ലേയിൽ 36 റൺസ് മാത്രമാണ് ഡൽഹിക്ക് സ്കോർ ചെയ്യാനായത്. എന്നാൽ പേസർമാർക്ക് പകരം സ്പിന്നർമാർ എത്തിയതോടെ കളി മാറി. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ നിർത്തിയ ഇടത്തു നിന്നാണ് ചൗളയും ജഡേജയും ആരംഭിച്ചത്. ഇതോടെ അനായാസം റണ്ണൊഴുകി. 35 പന്തുകളിൽ ഷാ ഫിഫ്റ്റി തികച്ചു.
94 റൺസിൻ്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ചൗളയാണ് തകർത്തത്. ധവാനെ (35) ചൗള വിക്കറ്റിനു മുന്നിൽ കുരുക്കി. താമസിയാതെ ഷായും മടങ്ങി. ചൗളക്ക് തന്നെയായിരുന്നു വിക്കറ്റ്. എംഎസ് ധോണി സ്റ്റമ്പ് ചെയ്ത് പുറത്താക്കുമ്പോൾ 43 പന്തുകളിൽ നിന്ന് 9 ഫോറും ഒരു ബൗണ്ടറിയും അടക്കം ഷാ 64 റൺസ് നേടിയിരുന്നു.
Read Also : ഐപിഎൽ മാച്ച് 7: വയസൻ പട യുവാക്കൾക്കെതിരെ; ധോണിയുടെ ബാറ്റിംഗ് പൊസിഷൻ ചർച്ചാവിഷയം
മൂന്നാം വിക്കറ്റിൽ ശ്രേയാസ് അയ്യർ-ഋഷഭ് പന്ത് സഖ്യം 58 റൺസ് കൂട്ടിച്ചേർത്തു. 19ആം ഓവറിൽ ശ്രേയാസ് അയ്യരെ (26) ധോണിയുടെ കൈകളിൽ എത്തിച്ച സാം കറൻ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വളരെ മികച്ച ഒരു ക്യാച്ചിലൂടെയാണ് ധോണി അയ്യരെ പുറത്താക്കിയത്. അവസാനത്തിൽ ചില കൂറ്റൻ ഷോട്ടുകളിലൂടെ സ്കോർ ഉയർത്തിയ ഋഷഭ് പന്ത് ആണ് ഡൽഹിയെ മികച്ച സ്കോറിൽ എത്തിച്ചത്. കളി അവസാനിക്കുമ്പോൾ ഋഷഭ് പന്ത് (37), മാർക്കസ് സ്റ്റോയിനിസ് (5) എന്നിവർ പുറത്താവാതെ നിന്നു.
Story Highlights – Chennai Super Kings vs Delhi Capitals first innings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here