ഫാഷൻ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; അന്വേഷണ സംഘം വിപുലീകരിച്ചു

mc kamarudheen

മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചു. ക്രൈംബ്രാഞ്ചിനൊപ്പം ഐപിഎസ് ഉദ്യോഗസ്ഥരും ചേർന്ന സംഘമാകും ഇനി കേസ് അന്വേഷിക്കുക. ക്രൈംബ്രാഞ്ച് ഐ ജി ഗോപേഷ് അഗർവാൾ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

ഫാഷൻ ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ ഏറ്റെടുത്ത 13 കേസുകളിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഐപിഎസ് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി സംഘത്തെ വിപുലപ്പെടുത്തിയത്. കാസർഗോഡ് എസ്പി ഡി ശിൽപ, കൽപ്പറ്റ എഎസ്പി വിവേക് കുമാർ, ഐആർ ബറ്റാലിയൻ കമാൻഡന്റ് നവനീത് ശർമ എന്നിവർ പ്രത്യേക പൊലീസ് സംഘത്തിൽ ഉൾപ്പെടും. അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഐ ജി ഗോപേഷ് അഗർവാൾ മേൽനോട്ടം വഹിക്കും.

Read Also : ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; ലീഗ് ചർച്ചക്കായി നിയോഗിച്ച മധ്യസ്ഥന് കൊവിഡ്; അനുനയ ശ്രമങ്ങൾ താളം തെറ്റുന്നു

112 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകി കഴിഞ്ഞു. തട്ടിപ്പിന്റെ വ്യാപ്തി വർധിക്കുന്ന സാഹചര്യത്തിലാണ് ഐജിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം. നിലവിൽ ജില്ലയിൽ കൊലപാതകമുൾപ്പെടെയുള്ള കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

കൂടാതെ ഇപ്പോഴത്തെ സംഘത്തിലെ ഒരു സിഐ ഉൾപ്പെടെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതും മറ്റ് ഉന്നത ഉദ്യോഗസ്ഥരടക്കം ക്വാറന്റീനിലായതും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് സംഘം വിപുലപ്പെടുത്തുന്നത്.

കാസർഗോഡ്, ചന്തേര, പയ്യന്നൂർ പൊലീസ് സ്റ്റേഷനുകളിലായി 69 കേസുകളും ഹൊസ്ദുർഗ് കോടതിയിൽ 78 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് കേസുമാണ് എംഎൽഎ എം സി കമറുദ്ദീനും ജ്വല്ലറി മാനേജിംഗ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങൾക്കും എതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 12 കോടി രൂപയും 130 പവൻ സ്വർണവും തട്ടിയെന്നതാണ് നിലവിലെ പരാതിയുടെ കണക്ക്.

Story Highlights mc kamarudheen, fraud. fraud case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top