തദ്ദേശ സ്ഥാപനങ്ങള്‍ ഡിജിറ്റലാകുന്നു; 150 പഞ്ചായത്തുകളില്‍ ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം

സംസ്ഥാനത്തെ 150 പഞ്ചായത്തുകളിലെ ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റത്തിനു ഇന്ന് തുടക്കമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചായത്തുകളിലെ ഇ-ഗവേണന്‍സ് രംഗത്ത് പുതിയ കാല്‍വയ്പ്പായിരിക്കും ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം. ഇന്‍ഫര്‍മേഷന്‍ മിഷന്‍ തയാറാക്കിയ സോഫ്റ്റ്വെയര്‍ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 150 പഞ്ചായത്തുകളില്‍ പ്രാഥമിക ഘട്ടമെന്ന നിലയ്ക്കാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തുകളില്‍ നിന്നും ലഭ്യമാകുന്ന 200 ലധികം സേവനങ്ങള്‍ക്കുള്ള അപേക്ഷകളും പരാതികളും അപ്പീലുകളും നിര്‍ദ്ദേശങ്ങളും ഓണ്‍ലൈനായി ഒറ്റ പ്ലാറ്റ്ഫോമില്‍ നിന്ന് അയയ്ക്കുന്നതിനുള്ള സൗകര്യമാണ് ഈ സംവിധാനത്തിലൂടെ ലഭ്യമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ സംവിധാനത്തില്‍ അപേക്ഷയോടൊപ്പം നല്‍കിയ ഇ-മെയില്‍ ഐഡിയിലും അപേക്ഷകന്റെ യൂസര്‍ ലോഗിനിലും സേവനങ്ങളും സാക്ഷ്യപത്രങ്ങളും അറിയിപ്പും ലഭ്യമാകും. നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ അറിയിപ്പ് എസ്എംഎസ് ആയി അപേക്ഷകന് ലഭ്യമാകും. ഒട്ടും കാലതാമസം ഇല്ലാത്ത തരത്തില്‍ സുതാര്യവും ലളിതവുമായ നടപടിക്രമത്തിലൂടെ എല്ലാവര്‍ക്കും വീട്ടിലിരുന്നും അക്ഷയകേന്ദ്രങ്ങള്‍ വഴിയും ഇ-സേവനങ്ങള്‍ നേടിയെടുക്കുവാന്‍ സാധിക്കും. അപേക്ഷകരുടെ മുന്‍ഗണനാ അടിസ്ഥാനത്തില്‍ സോഫ്റ്റ്വെയര്‍ വഴി പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാകും.

ഫയലുകളെല്ലാം വെബ് അധിഷ്ഠിതമായാണ് കൈകാര്യം ചെയ്യപ്പെടുന്നത്. അതുകൊണ്ട് ജീവനക്കാര്‍ക്ക് ആവശ്യമെങ്കില്‍ വീട്ടിലിരുന്ന് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ നയത്തിനനുസൃതമായി ഓപ്പണ്‍ സോഴ്സ് ടെക്നോളജിയിലാണ് സോഫ്റ്റ്വെയര്‍ തയാറാക്കിയിട്ടുള്ളത്. അതിലൂടെ പഞ്ചായത്തുകള്‍ക്ക് ലൈസന്‍സ് ഇനത്തിലുള്ള ഭീമമായ ചെലവ് ഒഴിവാക്കാന്‍ സാധിക്കും. മാത്രമല്ല ഇതിലൂടെ വിനിമയം ചെയ്യപ്പെടുന്ന വിവരങ്ങള്‍ സുരക്ഷിതമായിരിക്കും. വലിയതോതില്‍ ജനസേവനം നടത്തുന്ന പഞ്ചായത്തുകള്‍ക്ക് ഫലപ്രദമായി ഇടപെടുന്നതിനും പുതിയ സംവിധാനം വഴി കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights local bodies digitalisation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top