ഗില്ലും മോർഗനും തുണച്ചു; കൊൽക്കത്തക്കെതിരെ രാജസ്ഥാന് 175 റൺസ് വിജയലക്ഷ്യം

kkr rr innings ipl

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 175 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് 174 റൺസ് എടുത്തത്. കൊൽക്കത്തക്കായി 47 റൺസെടുത്ത ടോപ്പ് സ്കോററായി. രാജസ്ഥാനു വേണ്ടി ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റ് വീഴ്ത്തി.

Read Also : ഐപിഎൽ മാച്ച് 12: കൊൽക്കത്ത ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങളില്ല

നരേനെ ഓപ്പണിംഗ് ഇറക്കാനുള്ള കൊൽക്കത്ത മാനേജ്മെൻ്റിൻ്റെ തീരുമാനം ഒരിക്കൽ കൂടി തിരിച്ചടിക്കുന്നതാണ് ആദ്യ ഘട്ടത്തിൽ കണ്ടത്. നരേനെതിരെ കൃത്യമായി ഗൃഹപാഠം ചെയ്ത് എത്തിയ രാജസ്ഥാൻ ബൗളർമാർ വിൻഡീസ് താരത്തിന് സ്കോർ ചെയ്യാനുള്ള പഴുത് നൽകാതിരിക്കാൻ ശ്രദ്ധിച്ചു. മറുവശത്ത് മനോഹരമായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന ശുഭ്മൻ ഗിൽ ആണ് ആദ്യ ഓവറുകളിൽ കൊൽക്കത്തയുടെ രക്ഷകനായത്.

ഉനദ്കട്ടിൻ്റെ മൂന്നാം ഓവറിൽ ഉത്തപ്പ നിലത്തിട്ടതിനു ശേഷം നരേൻ ചില കൂറ്റൻ ഷോട്ടുകൾ ഉതിർത്തു. എങ്കിലും തൻ്റെ അടുത്ത ഓവറിൽ ഉനദ്കട്ട് തന്നെ നരേനെ പുറത്താക്കി. നരേൻ ക്ലീൻ ബൗൾഡ് ആവുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ശുഭ്മൻ ഗില്ലിനൊപ്പം നിതീഷ് റാണ എത്തിയതോടെ സ്കോർ ഉയരാൻ തുടങ്ങി. 46 റൺസ് നീണ്ട ഈ കൂട്ടുകെട്ട് രാഹുൽ തെവാട്ടിയ ആണ് പൊളിച്ചത്. 22 റൺസെടുത്ത നിതീഷ് റാണയെ തെവാട്ടിയ റിയാൻ പരഗിൻ്റെ കൈകളിൽ എത്തിച്ചു. നാലാം നമ്പറിൽ ആന്ദ്രേ റസൽ എത്തി. ഏറെ താമസിയാതെ ഗില്ലും മടങ്ങി. 34 പന്തുകളിൽ നിന്ന് 47 റൺസ് നേടിയ ഗിലിനെ ആർച്ചർ സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു. ദിനേഷ് കാർത്തിക് (1) ജോഫ്ര ആർച്ചറുടെ പന്തിൽ ജോസ് ബട്‌ലർക്ക് ക്യാച്ച് സമ്മാനിച്ച് വേഗം പുറത്തായി.

Read Also : ഐപിഎൽ മാച്ച് 12; രാജസ്ഥാന് കൊൽക്കത്തയുടെ വെല്ലുവിളി

മൂന്ന് സിക്സറുകൾ അടിച്ച് വിസ്ഫോടനാത്മക ബാറ്റിംഗിനു തുടക്കമിട്ട റസലിനും ഏറെ ആയുസുണ്ടായില്ല. 24 റൺസെടുത്ത റസൽ രാജസ്ഥാൻ ഒരുക്കിയ കെണിയിൽ വീണു. റസലിനെ അങ്കിത് രാജ്പൂതിൻ്റെ പന്തിൽ ഉനദ്കട്ട് പിടികൂടുകയായിരുന്നു. പാറ്റ് കമ്മിൻസിനെ (12) ടോം കറൻ്റെ പന്തിൽ സഞ്ജു ഉജ്ജ്വലമായി പിടികൂടി. അവസാന ഓവറുകളിൽ ചില കൂറ്റൻ ഷോട്ടുകളിലൂടെ സ്കോർ ഉയർത്തിയ ഓയിൻ മോർഗൻ ആണ് കൊൽക്കത്തയെ മികച്ച സ്കോറിൽ എത്തിച്ചത്. മോർഗൻ (34), കമലേഷ് നഗർകൊടി (8) എന്നിവർ പുറത്താവാതെ നിന്നു.

Story Highlights kolkata knight riders vs rajasthan royals first innings

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top