വടക്കാഞ്ചേരി ലൈഫ് ഭവന സമുച്ചയ പദ്ധതി; സിബിഐ അന്വേഷണത്തിന് എതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്

വടക്കാഞ്ചേരി ലൈഫ് ഭവന സമുച്ചയ പദ്ധതിയിൽ സിബിഐ അന്വേഷണത്തിന് എതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭയാണ് തീരുമാനമെടുത്തത്. സംസ്ഥാനത്തിന്റെയോ ഹൈക്കോടതിയുടേയോ അറിവില്ലാതെ ഏകപക്ഷീയമായി കേസ് എടുത്തത് ചോദ്യം ചെയ്തായിരിക്കും ഹർജി.
സ്വർണക്കടത്ത് വിവിധ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതിനിടെ വടക്കാഞ്ചേരി ലൈഫ് ഭവന സമുച്ചയ പദ്ധതിയിൽ സിബിഐ അന്വേഷണം തുടങ്ങിയത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതും സർക്കാരിനെ പ്രകോപിപ്പിച്ചു. സിപിഎമ്മും സിപിഐയും പിന്നീട് ഇടത് മുന്നണിയും സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് രംഗത്തു വന്നു.
വിദേശ സംഭാവന നിയന്ത്രണ ചട്ട പ്രകാരവും അഴിമതിനിരോധന
നിയമപ്രകാരവും കേസെടുത്ത സിബിഐയുടെ നടപടിയിൽ സർക്കാർ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. സിബിഐ നടപടിയെ നിയമപരമായി ചോദ്യം ചെയ്യനാകുമെന്നാണ് എജിയുടെ ഉപദേശം. ഇക്കാര്യം മന്ത്രിസഭായോഗം ചർച്ച ചെയ്തു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാനാണ് മന്ത്രിസഭ തീരുമാനം. വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിനു കീഴിൽ വരുന്ന കേസുകളിൽ സിബിഐക്ക് നേരിട്ട് കേസെടുക്കാമെന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
എന്നാൽ, സർക്കാർ ഇത് കണക്കിലെടുക്കുന്നില്ല. വിഷയം കോടതിയിൽ വരട്ടയെന്നാണ് സർക്കാരിന്റെ നിലപാട്.
Story Highlights – Vadakkancherry Life Housing Scheme; The government has moved the high court against the CBI probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here