Advertisement

ലൈഫ് മിഷനിൽ വിദേശ സംഭാവന വാങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി; സിബിഐ എഫ്‌ഐആർ നിയമപരമായി നിലനിൽക്കില്ല

October 1, 2020
1 minute Read
life mission

ലൈഫ് മിഷനിൽ വിദേശ സംഭാവന വാങ്ങിയിട്ടില്ലെന്നും സിബിഐയുടെ എഫ്‌ഐആർ നിയമപരമായി നിലനിൽക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിലനിൽക്കാത്ത കുറ്റങ്ങൾ ആരോപിക്കപ്പെടുമ്പോൾ ഭരണഘടന അനുവദിച്ച അവകാശം ഉപയോഗിച്ചാണ് അതിനെ ചോദ്യം ചെയ്യുന്നത്. നിയമപരമായ പരിഹാരം തേടുമ്പോൾ എതിർപ്പ് ഉയർത്തുന്നത് പരിഹാസ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : പ്രതികൾ ഗൂഢാലോചന നടത്തി; വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേട് സ്ഥിരീകരിച്ച് വിജിലൻസ്

വടക്കാഞ്ചേരി പദ്ധതിയിൽ വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ ലംഘനമുണ്ടായെന്നാണ് സിബിഐ കോടതിയിൽ പറഞ്ഞിട്ടുള്ളത്. നിർമാണ കരാർ യുഎഇ കോൺസൽ ജനറലും യൂണിടാക്, സാനെ വെഞ്ചേഴ്‌സും തമ്മിൽ ഏർപ്പെട്ടിട്ടുള്ളതാണ്. ലൈഫ് മിഷൻ ഒരു തുകയും വിദേശ സംഭാവനയായി സ്വീകരിച്ചിട്ടില്ല. കരാർ പ്രകാരം കൈമാറ്റം ചെയ്യപ്പെടുന്ന തുകകളും വിദേശ സംഭാവന നിയമത്തിന്റെ പരിധിയിൽ പെടുന്നില്ല എന്നാണ് നിയമോപദേശം. എഫ്‌ഐആർ നിയമപരമായി നിലനിൽക്കില്ല എന്ന വാദമുയർത്തിയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

നിയമപരമായി നിലനിൽക്കാത്ത ഒരു കാര്യത്തെ കോടതിയിൽ നേരിടുന്നത് തെറ്റാണെന്ന് പറയുന്നത് ഭരണഘടനാപരമായ പരിരക്ഷകൾ വിനിയോഗിക്കാൻ പാടില്ല എന്നു പറയുന്നതിനു തുല്യമാണ്. ഹൈക്കോടതി നടപടിയെ തിരിച്ചടി എന്ന് വ്യാഖ്യാനിക്കാൻ മാത്രം എന്താണ് സംഭവിച്ചിട്ടുള്ളതെന്ന് വ്യക്തമല്ലെന്നും മുഖ്യമന്ത്രി.

ലൈഫ് മിഷനെ അടിസ്ഥാന രഹിതമായ വ്യവഹാരങ്ങളുടെ നൂലാമാലകളിൽ പെടുത്തുമ്പോൾ കാഴ്ചക്കാരായി നോക്കിനിൽക്കണം എന്നു പറയുന്നത് യുക്തിരഹിതമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതി നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കപ്പെടണമെന്നുള്ള കാര്യത്തിൽ വ്യക്തമായ ബോധ്യമുള്ളതുകൊണ്ടാണ് സംസ്ഥാന വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights life mission, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top