കൊവിഡ് ചികിത്സ; കോട്ടയം ജില്ലയില്‍ പ്ലാസ്മ ലഭ്യത ഉറപ്പാക്കാന്‍ ‘സുകൃതം 500’ കര്‍മ പദ്ധതി

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നവരുടെ ചികിത്സയ്ക്ക് രക്ത പ്ലാസ്മയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി നൂറു ദിന കര്‍മ പദ്ധതിക്ക് കോട്ടയം ജില്ലയില്‍ തുടക്കമായി. ജില്ലാ ഭരണകേന്ദ്രവും ആരോഗ്യവകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്ന് നടത്തുന്ന ‘സുകൃതം 500’ എന്ന പരിപാടിയിലൂടെ കൊവിഡ് മുക്തരായ 500 പേരുടെ രക്ത പ്ലാസ്മ 100 ദിവസംകൊണ്ട് ശേഖരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ദേശീയ സന്നദ്ധ രക്തദാന ദിനമായ ഇന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ അഞ്ചു പേര്‍ പ്ലാസ്മ ദാനം ചെയ്തു. തുടര്‍ന്നുള്ള 99 ദിവസങ്ങളിലും അഞ്ചു പേരുടെ വീതം പ്ലാസ്മ ഇവിടെ ശേഖരിക്കും. രോഗം ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മയില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ആന്റിബോഡിയാണ് കൊവിഡ് ചികിത്സയില്‍ ഉപയോഗിക്കുന്നത്.
18നും 50നുമിടയില്‍ പ്രായമുള്ളവരെയാണ് ഇതിനായി പരിഗണിക്കുന്നത്. രോഗം ഭേദമായി കുറഞ്ഞത് നാലാഴ്ച്ചയെങ്കിലും കഴിഞ്ഞ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഒന്നോ അതിലധികമോ തവണ പ്ലാസ്മ നല്‍കാം.
രക്തബാഗിലേക്ക് രക്തം ശേഖരിക്കുന്ന പതിവു രീതിയില്‍നിന്ന് വ്യത്യസ്തമായി രക്തം പ്ലാസ്മാ ഫെറേസിസ് മെഷീനിലേക്ക് കടത്തിവിട്ട് പ്ലാസ്മ മാത്രം ശേഖരിച്ചശേഷം മറ്റ് രക്തഘടങ്ങള്‍ ദാതാവിന്റെ ശരീരത്തിലേക്ക് തന്നെ തിരികെ നല്‍കുകയാണ് ചെയ്യുന്നത്. ഇതുവഴി കുറവു വരുന്ന പ്ലാസ്മ പരമാവധി രണ്ടു ദിവസത്തിനുള്ളില്‍ ശരീരത്തില്‍ പുനരുത്പാദിപ്പിക്കപ്പെടും. ഒരാളില്‍നിന്ന് ശേഖരിക്കുന്ന പ്ലാസ്മ രണ്ടു രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കും. രണ്ടാഴ്ച്ചത്തെ ഇടവേളയില്‍ തുടര്‍ന്നും പ്ലാസ്മ ദാനം ചെയ്യാം.
കൊവിഡ് മുക്തരായി 28 ദിവസം കഴിഞ്ഞവരെയാണ് പ്ലാസ്മ ദാനത്തിന് പരിഗണിക്കുന്നത്. രോഗമുക്തിക്കുശേഷം നാലു മാസം പിന്നിടുന്നതുവരെ പ്ലാസ്മ ദാനം ചെയ്യാം.
Story Highlights – Covid treatment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here