2021 ല്‍ ഇന്ത്യന്‍ വിപണിയിലേക്ക്; പ്രഖ്യാപനവുമായി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്

Tesla CEO Elon Musk

യുഎസ് ഇലക്ട്രോണിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല ഇന്ത്യന്‍ വിപണിയിലേക്ക്. ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്കാണ് ഇക്കാര്യം അറിയിച്ചത്. 2021 ഓടെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുമെന്ന് ട്വിറ്ററിലാണ് ഇലോണ്‍ മസ്‌ക് അറിയിച്ചത്.

ഇന്ത്യയ്ക്ക് ടെസ്‌ല ആവശ്യമുണ്ടെന്ന ഒരു ട്വിറ്റര്‍ പോസ്റ്റിന് മറുപടിയായാണ് മസ്‌ക് ഇന്ത്യയിലേക്കുള്ള വരവ് പ്രഖ്യാപിച്ചത്. ‘അടുത്ത വര്‍ഷം ഉറപ്പാണ്’ എന്നായിരുന്നു മസ്‌കിന്റെ മറുപടി. ‘കാത്തിരുന്നതിന് നന്ദി’ എന്നും മറുപടിയിലുണ്ട്. ഇലക്ട്രോണിക് കാറുകളുടെ ഉപയോഗം ഇന്ത്യയില്‍ വര്‍ധിക്കുന്നതിനിടെയാണ് ടെസ്‌ലയുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനവും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോ ആസ്ഥാനമായുള്ള ഒരു അമേരിക്കന്‍ ഓട്ടോമോട്ടീവ്, വാഹന നിര്‍മാണ കമ്പനിയാണ് ടെസ്‌ല. ടെസ്‌ല റോഡ്സ്റ്റര്‍ എന്ന, പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മിച്ചതോടെയാണ്, കമ്പനി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. തുടര്‍ന്ന് മോഡല്‍ എസ് എന്ന പേരില്‍ ഒരു സെഡാനും, പിന്നാലെ ക്രോസോവര്‍ വാഹനമായ മോഡല്‍ എക്‌സും വിപണിയിലെത്തിച്ചു. 2015 ല്‍ ലോകത്തിലെ ഏറ്റവും വില്‍പന നേടിയ വൈദ്യുതി കാര്‍ ആയി മോഡല്‍ എസ്. ഡിസംബര്‍ 2015 ലെ കണക്ക് പ്രകാരം ഒരു ലക്ഷം മോഡല്‍ എസ് കാറുകളാണ് വിറ്റഴിച്ചത്. 2017ല്‍ ടെസ്‌ല സ്വയം നിയന്ത്രിത (ഓട്ടോപൈലറ്റ്) സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ പുറത്തിറക്കിയിരുന്നു.

Story Highlights Tesla CEO Elon Musk suggests India entry in 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top